(7) വിവിധ പഥങ്ങളുള്ള ആകാശം തന്നെയാണ,സത്യം.
(8) തീര്‍ച്ചയായും നിങ്ങള്‍ വിഭിന്നമായ അഭിപ്രായത്തിലാകുന്നു.
(9) (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെട്ടവന്‍ അതില്‍ നിന്ന് (ഖുര്‍ആനില്‍ നിന്ന്) തെറ്റിക്കപ്പെടുന്നു.
(10) ഊഹാപോഹക്കാര്‍ ശപിക്കപ്പെടട്ടെ.
(11) വിവരക്കേടില്‍ മതിമറന്നു കഴിയുന്നവര്‍
(12) ന്യായവിധിയുടെ നാള്‍ എപ്പോഴായിരിക്കും എന്നവര്‍ ചോദിക്കുന്നു.
(13) നരകാഗ്നിയില്‍ അവര്‍ പരീക്ഷണത്തിന് വിധേയരാകുന്ന ദിവസമത്രെ അത്.
(14) (അവരോട് പറയപ്പെടും:) നിങ്ങള്‍ക്കുള്ള പരീക്ഷണം നിങ്ങള്‍ അനുഭവിച്ച് കൊള്ളുവിന്‍. നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിക്കൊണ്ടിരുന്നുവോ അതത്രെ ഇത്.
(15) തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.
(16) അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്. തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സദ്‌വൃത്തരായിരുന്നു.
(17) രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.
(18) രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.
(19) അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും.
(20) ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
(21) നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്.)എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലെ?
(22) ആകാശത്ത് നിങ്ങള്‍ക്കുള്ള ഉപജീവനവും, നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്.
(23) എന്നാല്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ, സത്യം! നിങ്ങള്‍ സംസാരിക്കുന്നു എന്നതു പോലെ തീര്‍ച്ചയായും ഇത് സത്യമാകുന്നു.
(24) ഇബ്രാഹീമിന്‍റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാര്‍ത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ?
(25) അവര്‍ അദ്ദേഹത്തിന്‍റെ അടുത്തു കടന്നു വന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ.
(26) അനന്തരം അദ്ദേഹം ധൃതിയില്‍ തന്‍റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു.
(27) എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ?
(28) അപ്പോള്‍ അവരെപ്പറ്റി അദ്ദേഹത്തിന്‍റെ മനസ്സില്‍ ഭയം കടന്നു കൂടി. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. അദ്ദേഹത്തിന് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെ പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.
(29) അപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് മുന്നോട്ട് വന്നു. എന്നിട്ട് തന്‍റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ (പ്രസവിക്കാന്‍ പോകുന്നത്?)
(30) അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അപ്രകാരം തന്നെയാകുന്നു നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു യുക്തിമാനും ജ്ഞാനിയും ആയിട്ടുള്ളവന്‍.