(29) ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്‍റെ അടുത്തേക്ക് ഖുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്.) അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി.
(30) അവര്‍ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും, അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴി കാട്ടുന്നു.
(31) ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കുകയും, അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതാണ്.
(32) അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് വല്ലവനും ഉത്തരം നല്‍കാതിരിക്കുന്ന പക്ഷം ഈ ഭൂമിയില്‍ (അല്ലാഹുവെ) അവന്ന് തോല്‍പിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികള്‍ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാര്‍ വ്യക്തമായ വഴികേടിലാകുന്നു.
(33) ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചതുകൊണ്ട് ക്ഷീണിക്കാതിരിക്കുകയും ചെയ്ത അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവന്‍ തന്നെയാണെന്ന് അവര്‍ക്ക് കണ്ടുകൂടെ? അതെ; തീര്‍ച്ചയായും അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
(34) സത്യനിഷേധികള്‍ നരകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം. (അവരോട് ചോദിക്കപ്പെടും;) ഇതു സത്യം തന്നെയല്ലേ എന്ന്. അവര്‍ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ! അവന്‍ പറയും: എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചിരുന്നതിന്‍റെ ഫലമായി ശിക്ഷ ആസ്വദിച്ചു കൊള്ളുക.
(35) ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്. അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നത് (ശിക്ഷ) അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍ നിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങള്‍ (ഇഹലോകത്ത്) താമസിച്ചിട്ടുള്ളു എന്ന പോലെ അവര്‍ക്കു തോന്നും. ഇതൊരു ഉല്‍ബോധനം ആകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ?