(89) അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങളുടെ ഇരുവരുടെയും പ്രാര്‍ത്ഥന ഇതാ സ്വീകരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഇരുവരും നേരെ നിലകൊള്ളുക. വിവരമില്ലാത്തവരുടെ വഴി നിങ്ങള്‍ ഇരുവരും പിന്തുടര്‍ന്ന് പോകരുത്.
(90) ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തികൊണ്ടു പോയി. അപ്പോള്‍ ഫിര്‍ഔനും അവന്‍റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു. ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്രായീല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവന്ന്) കീഴ്പെട്ടവരുടെ കൂട്ടത്തിലാകുന്നു.
(91) (അല്ലാഹു അവനോട് പറഞ്ഞു:) മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത് ?)
(92) എന്നാല്‍ നിന്‍റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.
(93) തീര്‍ച്ചയായും ഇസ്രായീല്‍ സന്തതികളെ ഉചിതമായ ഒരു താവളത്തില്‍ നാം കുടിയിരുത്തുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് അവര്‍ക്ക് നാം ആഹാരം നല്‍കുകയും ചെയ്തു. എന്നാല്‍ അവര്‍ക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ് അവര്‍ ഭിന്നിച്ചത്. അവര്‍ ഭിന്നിച്ചു കൊണ്ടിരുന്ന കാര്യത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിന്‍റെ രക്ഷിതാവ് അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും.
(94) ഇനി നിനക്കു നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക് വല്ല സംശയവുമുണ്ടെങ്കില്‍ നിനക്ക് മുമ്പുതന്നെ വേദഗ്രന്ഥം വായിച്ച് വരുന്നവരോട് ചോദിച്ചു നോക്കുക. തീര്‍ച്ചയായും നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത്.
(95) അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയവരുടെ കൂട്ടത്തിലും നീ ആയിപ്പോകരുത്. എങ്കില്‍ നീ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.
(96) തീര്‍ച്ചയായും ഏതൊരു വിഭാഗത്തിന്‍റെ മേല്‍ നിന്‍റെ രക്ഷിതാവിന്‍റെ വചനം സ്ഥിരപ്പെട്ടിരിക്കുന്നുവോ അവര്‍ വിശ്വസിക്കുകയില്ല.
(97) ഏതൊരു തെളിവ് അവര്‍ക്ക് വന്നുകിട്ടിയാലും. വേദനയേറിയ ശിക്ഷ നേരില്‍ കാണുന്നതുവരെ.