(92) യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല; അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ (പ്രായശ്ചിത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും, അവന്‍റെ (കൊല്ലപ്പെട്ടവന്‍റെ) അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്. അവര്‍ (ആ അവകാശികള്‍) അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനാണ്; അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ് എങ്കില്‍ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അവന്‍റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. വല്ലവന്നും അത് സാധിച്ച് കിട്ടിയില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ (മാര്‍ഗ) മാണത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
(93) ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വ്വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്‍റെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവന്നുവേണ്ടി അല്ലാഹു ഒരുക്കിവെച്ചുട്ടുള്ളത്.
(94) സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിനുപോയാല്‍ (ശത്രു ആരെന്നും മിത്രം ആരെന്നും) നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം. നിങ്ങള്‍ക്ക് സലാം അര്‍പ്പിച്ചവനോട് നീ വിശ്വാസിയല്ല എന്ന് നിങ്ങള്‍ പറയരുത്. ഇഹലോകജീവിതത്തിലെ നേട്ടം കൊതിച്ചുകൊണ്ടാണ് (നിങ്ങളങ്ങനെ പറയുന്നത്.) എന്നാല്‍ നേടിയെടുക്കാവുന്ന ധാരാളം സ്വത്തുകള്‍ അല്ലാഹുവിന്‍റെ അടുക്കലുണ്ട്. മുമ്പ് നിങ്ങളും അത് പോലെ (അവിശ്വാസത്തില്‍) ആയിരുന്നല്ലോ. അനന്തരം അല്ലാഹു നിങ്ങള്‍ക്ക് അനുഗ്രഹം ചെയ്തു. അതിനാല്‍ നിങ്ങള്‍ (കാര്യങ്ങള്‍) വ്യക്തമായി (അന്വേഷിച്ച്) മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.