(91) തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെ (മര്‍യം) യും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന് നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക് ദൃഷ്ടാന്തമാക്കുകയും ചെയ്തു.
(92) (മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍.
(93) എന്നാല്‍ അവര്‍ക്കിടയില്‍ അവരുടെ കാര്യം അവര്‍ ശിഥിലമാക്കിക്കളഞ്ഞിരിക്കയാണ്. എല്ലാവരും നമ്മുടെ അടുത്തേക്ക് തന്നെ മടങ്ങിവരുന്നവരത്രെ.
(94) വല്ലവനും സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങളില്‍ വല്ലതും ചെയ്യുന്ന പക്ഷം അവന്‍റെ പ്രയത്നത്തിന്‍റെ ഫലം നിഷേധിക്കപ്പെടുകയേയില്ല. തീര്‍ച്ചയായും നാം അത് എഴുതിവെക്കുന്നതാണ്.
(95) നാം നശിപ്പിച്ച് കളഞ്ഞിട്ടുള്ള ഏതൊരു നാട്ടുകാരെ സംബന്ധിച്ചിടത്തോളവും അവര്‍ നമ്മുടെ അടുത്തേക്ക് തിരിച്ചുവരാതിരിക്കുക എന്നത് അസംഭവ്യമാകുന്നു.
(96) അങ്ങനെ യഅ്ജൂജ് - മഅ്ജൂജ് ജനവിഭാഗങ്ങള്‍ തുറന്നുവിടപ്പെടുകയും, അവര്‍ എല്ലാ കുന്നുകളില്‍ നിന്നും കുതിച്ചിറങ്ങി വരികയും.
(97) ആ സത്യവാഗ്ദാനം ആസന്നമാകുകയും ചെയ്താല്‍ അപ്പോഴതാ അവിശ്വസിച്ചവരുടെ കണ്ണുകള്‍ ഇമവെട്ടാതെ നിന്നു പോകന്നു. ഞങ്ങളുടെ നാശമേ! ഞങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലായിപ്പോയല്ലോ. അല്ല; ഞങ്ങള്‍ അക്രമകാരികളായിപ്പോയല്ലോ (എന്നായിരിക്കും അവര്‍ പറയുന്നത്.)
(98) തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക് വന്നുചേരുക തന്നെ ചെയ്യുന്നതാണ്.
(99) ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ (നരകത്തില്‍) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും.
(100) അവര്‍ക്ക് അവിടെ ഒരു തേങ്ങലുണ്ടായിരിക്കും. അവര്‍ അതില്‍ വെച്ച് (യാതൊന്നും) കേള്‍ക്കുകയുമില്ല.
(101) തീര്‍ച്ചയായും നമ്മുടെ പക്കല്‍ നിന്നു മുമ്പേ നന്‍മ ലഭിച്ചവരാരോ അവര്‍ അതില്‍ (നരകത്തില്‍) നിന്ന് അകറ്റിനിര്‍ത്തപ്പെടുന്നവരാകുന്നു.