(16) തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്‍റെ) കണ്ഠനാഡി യെക്കാള്‍ അവനോട് അടുത്തവനും ആകുന്നു.
(17) വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നു കൊണ്ട് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം.
(18) അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല.
(19) മരണവെപ്രാളം യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്. എന്തൊന്നില്‍ നിന്ന് നീ ഒഴിഞ്ഞ് മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്.
(20) കാഹളത്തില്‍ ഊതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതിന്‍റെ ദിവസം.
(21) കൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും ഏതൊരാളും (അന്ന്) വരുന്നത്.
(22) (അന്ന് സത്യനിഷേധിയോടു പറയപ്പെടും:) തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന് നിന്‍റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്‍റെ ദൃഷ്ടി ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു.
(23) അവന്‍റെ സഹചാരി (മലക്ക്) പറയും: ഇതാകുന്നു എന്‍റെ പക്കല്‍ തയ്യാറുള്ളത് (രേഖ)
(24) (അല്ലാഹു മലക്കുകളോട് കല്‍പിക്കും:) സത്യനിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങള്‍ നരകത്തില്‍ ഇട്ടേക്കുക.
(25) അതായത് നന്‍മയെ മുടക്കുന്നവനും അതിക്രമകാരിയും സംശയാലുവുമായ ഏതൊരുത്തനെയും.
(26) അതെ, അല്ലാഹുവോടൊപ്പം വേറെ ദൈവത്തെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാല്‍ കഠിനമായ ശിക്ഷയില്‍ അവനെ നിങ്ങള്‍ ഇട്ടേക്കുക.
(27) അവന്‍റെ കൂട്ടാളിപറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷെ, അവന്‍ വിദൂരമായ ദുര്‍മാര്‍ഗത്തിലായിരുന്നു.
(28) അവന്‍ (അല്ലാഹു) പറയും: നിങ്ങള്‍ എന്‍റെ അടുക്കല്‍ തര്‍ക്കിക്കേണ്ട. മുമ്പേ ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്.
(29) എന്‍റെ അടുക്കല്‍ വാക്ക് മാറ്റപ്പെടുകയില്ല. ഞാന്‍ ദാസന്‍മാരോട് ഒട്ടും അനീതി കാണിക്കുന്നവനുമല്ല.
(30) നീ നിറഞ്ഞ് കഴിഞ്ഞോ എന്ന് നാം നരകത്തോട് പറയുകയും, കൂടുതല്‍ എന്തെങ്കിലുമുണ്ടോ എന്ന് അത് (നരകം) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്.
(31) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അകലെയല്ലാത്ത വിധത്തില്‍ സ്വര്‍ഗം അടുത്തു കൊണ്ടു വരപ്പെടുന്നതാണ്.
(32) (അവരോട് പറയപ്പെടും:) അല്ലാഹുവിങ്കലേക്ക് ഏറ്റവും അധികം മടങ്ങുന്നവനും, (ജീവിതം) കാത്തുസൂക്ഷിക്കുന്നവനും ആയ ഏതൊരാള്‍ക്കും നല്‍കാമെന്ന് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത്.
(33) അതായത് അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോട് കൂടി വരുകയും ചെയ്തവന്ന്.
(34) (അവരോട് പറയപ്പെടും:) സമാധാനപൂര്‍വ്വം നിങ്ങളതില്‍ പ്രവേശിച്ച് കൊള്ളുക. ശാശ്വതവാസത്തിനുള്ള ദിവസമാകുന്നു അത്.
(35) അവര്‍ക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്.