(12) സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യസംഭാഷണത്തിന്‍റെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങള്‍ അര്‍പ്പിക്കുക. അതാണു നിങ്ങള്‍ക്കു ഉത്തമവും കൂടുതല്‍ പരിശുദ്ധവുമായിട്ടുള്ളത്. ഇനി നിങ്ങള്‍ക്ക് (ദാനം ചെയ്യാന്‍) ഒന്നും കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു എറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(13) നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ? എന്നാല്‍ നിങ്ങളത് ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
(14) അല്ലാഹു കോപിച്ച ഒരു വിഭാഗ (യഹൂദര്‍) വുമായി മൈത്രിയില്‍ ഏര്‍പെട്ടവരെ (മുനാഫിഖുകളെ) നീ കണ്ടില്ലേ? അവര്‍ നിങ്ങളില്‍ പെട്ടവരല്ല. അവരില്‍ (യഹൂദരില്‍) പെട്ടവരുമല്ല. അവര്‍ അറിഞ്ഞു കൊണ്ട് കള്ള സത്യം ചെയ്യുന്നു.
(15) അല്ലാഹു അവര്‍ക്ക് കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. തീര്‍ച്ചയായും അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം എത്രയോ ദുഷിച്ചതായിരിക്കുന്നു.
(16) അവരുടെ ശപഥങ്ങളെ അവര്‍ ഒരു പരിചയാക്കിത്തീര്‍ത്തിരിക്കുന്നു. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞു. അതിനാല്‍ അവര്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്.
(17) അവരുടെ സമ്പത്തുകളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ അവര്‍ക്ക് ഒട്ടും പ്രയോജനപ്പെടുകയില്ല. അത്തരക്കാരാകുന്നു നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
(18) അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന ദിവസം. നിങ്ങളോടവര്‍ ശപഥം ചെയ്യുന്നത് പോലെ അവനോടും അവര്‍ ശപഥം ചെയ്യും. തങ്ങള്‍ (ഈ കള്ള സത്യം മൂലം) എന്തോ ഒന്ന് നേടിയതായി അവര്‍ വിചാരിക്കുകയും ചെയ്യും. അറിയുക: തീര്‍ച്ചയായും അവര്‍ തന്നെയാകുന്നു കള്ളം പറയുന്നവര്‍
(19) പിശാച് അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ഉല്‍ബോധനം അവര്‍ക്ക് വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരാകുന്നു പിശാചിന്‍റെ കക്ഷി. അറിയുക; തീര്‍ച്ചയായും പിശാചിന്‍റെ കക്ഷി തന്നെയാകുന്നു നഷ്ടക്കാര്‍ .
(20) തീര്‍ച്ചയായും അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തുനില്‍ക്കുന്നവരാരോ അക്കൂട്ടര്‍ ഏറ്റവും നിന്ദ്യന്‍മാരായവരുടെ കൂട്ടത്തിലാകുന്നു.
(21) തീര്‍ച്ചയായും ഞാനും എന്‍റെ ദൂതന്‍മാരും തന്നെയാണ് വിജയം നേടുക. എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.