(96) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പരമകാരുണികന്‍ സ്നേഹമുണ്ടാക്കികൊടുക്കുന്നതാണ്; തീര്‍ച്ച.
(97) ഇത് (ഖുര്‍ആന്‍) നിന്‍റെ ഭാഷയില്‍ നാം ലളിതമാക്കിതന്നിരിക്കുന്നത് ധര്‍മ്മനിഷ്ഠയുള്ളവര്‍ക്ക് ഇത് മുഖേന നീ സന്തോഷവാര്‍ത്ത നല്‍കുവാനും, മര്‍ക്കടമുഷ്ടിക്കാരായ ആളുകള്‍ക്ക് ഇത് മുഖേന നീ താക്കീത് നല്‍കുവാനും വേണ്ടി മാത്രമാകുന്നു.
(98) ഇവര്‍ക്ക് മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്. അവരില്‍ നിന്ന് ആരെയെങ്കിലും നീ കാണുന്നുണ്ടോ? അഥവാ അവരുടെ നേരിയ ശബ്ദമെങ്കിലും നീ കേള്‍ക്കുന്നുണ്ടോ?
طه Taa-Haa
(1) ത്വാഹാ
(2) നിനക്ക് നാം ഖുര്‍ആന്‍ അവതരിപ്പിച്ച് തന്നത് നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല.
(3) ഭയപ്പെടുന്നവര്‍ക്ക് ഉല്‍ബോധനം നല്‍കാന്‍ വേണ്ടി മാത്രമാണത്.
(4) ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്‍റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്.
(5) പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു.
(6) അവന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും, അവയ്ക്കിടയിലുള്ളതും, മണ്ണിനടിയിലുള്ളതുമെല്ലാം.
(7) നീ വാക്ക് ഉച്ചത്തിലാക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) രഹസ്യമായതും, അത്യന്തം നിഗൂഢമായതും അറിയും (എന്ന് നീ മനസ്സിലാക്കുക)
(8) അല്ലാഹു- അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍.
(9) മൂസായുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?
(10) അതായത് അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന് കത്തിച്ചെടുത്തുകൊണ്ട് നിങ്ങളുടെ അടുത്ത് വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത് വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും.
(11) അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ.
(12) തീര്‍ച്ചയായും ഞാനാണ് നിന്‍റെ രക്ഷിതാവ്. അതിനാല്‍ നീ നിന്‍റെ ചെരിപ്പുകള്‍ അഴിച്ച് വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു.