(15) നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് നീചവൃത്തിയില്‍ ഏര്‍പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍ നിന്ന് നാലുപേരെ നിങ്ങള്‍ കൊണ്ട് വരുവിന്‍. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞു വെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുകയോ ചെയ്യുന്നത് വരെ.
(16) നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക. എന്നാല്‍ അവര്‍ ഇരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരെ വിട്ടേക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.
(17) പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
(18) പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്.
(19) സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കല്‍ നിങ്ങള്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക് (ഭാര്യമാര്‍ക്ക്) നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കുവാന്‍ വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്. അവര്‍ പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്തെങ്കിലല്ലാതെ. അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം.