(34) (നബിയേ,) പറയുക: സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവാണ് സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നത്. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്?
(35) (നബിയേ,) പറയുക: സത്യത്തിലേക്ക് വഴി കാട്ടുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവത്രെ സത്യത്തിലേക്ക് വഴി കാട്ടുന്നത്. ആകയാല്‍ സത്യത്തിലേക്ക് വഴി കാണിക്കുന്നവനാണോ, അതല്ല, ആരെങ്കിലും വഴി കാണിച്ചെങ്കിലല്ലാതെ നേര്‍മാര്‍ഗം പ്രാപിക്കാത്തവനാണോ പിന്തുടരാന്‍ കൂടുതല്‍ അര്‍ഹതയുള്ളവന്‍? അപ്പോള്‍ നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയാണ് നിങ്ങള്‍ വിധി കല്‍പിക്കുന്നത്?
(36) അവരില്‍ അധികപേരും ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. തീര്‍ച്ചയായും സത്യത്തിന്‍റെ സ്ഥാനത്ത് ഊഹം ഒട്ടും പര്യാപ്തമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം അറിയുന്നവനാകുന്നു.
(37) അല്ലാഹുവിന് പുറമെ (മറ്റാരാലും) ഈ ഖുര്‍ആന്‍ കെട്ടിച്ചമയ്ക്കപ്പെടാവുന്നതല്ല. പ്രത്യുത അതിന്‍റെ മുമ്പുള്ള ദിവ്യസന്ദേശത്തെ സത്യപ്പെടുത്തുന്നതും, ദൈവികപ്രമാണത്തിന്‍റെ വിശദീകരണവുമത്രെ അത്. അതില്‍ യാതൊരു സംശയവുമില്ല. ലോകരക്ഷിതാവിങ്കല്‍ നിന്നുള്ളതാണത്.
(38) അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? (നബിയേ,) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അദ്ധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
(39) അല്ല, മുഴുവന്‍ വശവും അവര്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത, അനുഭവസാക്ഷ്യം അവര്‍ക്കു വന്നു കഴിഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കയാണ്. അപ്രകാരം തന്നെയാണ് അവരുടെ മുമ്പുള്ളവരും നിഷേധിച്ചു തള്ളിയത്. എന്നിട്ട് ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കൂ.
(40) അതില്‍ (ഖുര്‍ആനില്‍) വിശ്വസിക്കുന്ന ചിലര്‍ അവരുടെ കൂട്ടത്തിലുണ്ട്. അതില്‍ വിശ്വസിക്കാത്ത ചിലരും അവരുടെ കൂട്ടത്തിലുണ്ട്. നിന്‍റെ രക്ഷിതാവ് കുഴപ്പമുണ്ടാക്കുന്നവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.
(41) അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍ നീ പറഞ്ഞേക്കുക. എനിക്കുള്ളത് എന്‍റെ കര്‍മ്മമാകുന്നു. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മവും. ഞാന്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് നിങ്ങള്‍ വിമുക്തരാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഞാനും വിമുക്തനാണ്.
(42) അവരുടെ കൂട്ടത്തില്‍ നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരുണ്ട്. എന്നാല്‍ ബധിരന്‍മാരെ - അവര്‍ ചിന്തിക്കാന്‍ ഭാവമില്ലെങ്കിലും -നിനക്ക് കേള്‍പിക്കാന്‍ കഴിയുമോ?