(6) (നബിയേ,) നിന്നോട് അവര്‍ നന്‍മയേക്കാള്‍ മുമ്പായി തിന്‍മയ്ക്ക് (ശിക്ഷയ്ക്ക്) വേണ്ടി തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ മുമ്പ് മാതൃകാപരമായ ശിക്ഷകള്‍ കഴിഞ്ഞുപോയിട്ടുണ്ട് താനും. തീര്‍ച്ചയായും, നിന്‍റെ രക്ഷിതാവ് മനുഷ്യര്‍ അക്രമം പ്രവര്‍ത്തിച്ചിട്ടുകൂടി അവര്‍ക്ക് പാപമോചനം നല്‍കുന്നവനത്രെ, തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് കഠിനമായി ശിക്ഷിക്കുന്നവനുമാണ്.
(7) (നബിയെ പരിഹസിച്ചുകൊണ്ട്) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഇവന്‍റെ മേല്‍ എന്താണ് ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്? (നബിയേ,) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട് ഒരു മാര്‍ഗദര്‍ശി.
(8) ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കമ്മിവരുത്തുന്നതും വര്‍ദ്ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരുകാര്യവും അവന്‍റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു.
(9) അദൃശ്യത്തേയും ദൃശ്യത്തേയും അറിയുന്നവനും മഹാനും ഉന്നതനുമാകുന്നു അവന്‍.
(10) നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് രഹസ്യമായി സംസാരിച്ചവനും പരസ്യമായി സംസാരിച്ചവനും രാത്രിയില്‍ ഒളിഞ്ഞിരിക്കുന്നവനും പകലില്‍ പുറത്തിറങ്ങി നടക്കുന്നവനുമെല്ലാം (അവനെ സംബന്ധിച്ചിടത്തോളം) സമമാകുന്നു.
(11) മനുഷ്യന്ന് അവന്‍റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്ന് കൊണ്ട് അല്ലാഹുവിന്‍റെ കല്‍പനപ്രകാരം അവനെ കാത്തുസൂക്ഷിച്ച് കൊണ്ടിരിക്കുന്നവര്‍ (മലക്കുകള്‍) ഉണ്ട്. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല.
(12) ഭയവും ആശയും ജനിപ്പിച്ച് കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍പിണര്‍ കാണിച്ചുതരുന്നത് അവനത്രെ. (ജല) ഭാരമുള്ള മേഘങ്ങളെ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
(13) ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം (അവനെ) പ്രകീര്‍ത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താല്‍ മലക്കുകളും (അവനെ പ്രകീര്‍ത്തിക്കുന്നു.) അവന്‍ ഇടിവാളുകള്‍ അയക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവ ഏല്‍പിക്കുകയും ചെയ്യുന്നു. അവര്‍(അവിശ്വാസികള്‍) അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനത്രെ അവന്‍.