النمل An-Naml
(1) ത്വാ-സീന്‍. ഖുര്‍ആനിലെ, അഥവാ കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.
(2) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയുമത്രെ അത്.
(3) നമസ്കാരം മുറപോലെ നിവ്വഹിക്കുകയും, സകാത്ത് നല്‍കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക്.
(4) പരലോകത്തില്‍ വിശ്വസിക്കാത്തതാരോ അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അങ്ങനെ അവര്‍ വിഹരിച്ചുകൊണ്ടിരിക്കുന്നു.
(5) അവരത്രെ കഠിനശിക്ഷയുള്ളവര്‍. പരലോകത്താകട്ടെ അവര്‍ തന്നെയായിരിക്കും ഏറ്റവും നഷ്ടം നേരിടുന്നവര്‍.
(6) തീര്‍ച്ചയായും യുക്തിമാനും സര്‍വ്വജ്ഞനുമായിട്ടുള്ളവന്‍റെ പക്കല്‍ നിന്നാകുന്നു നിനക്ക് ഖുര്‍ആന്‍ നല്‍കപ്പെടുന്നത്.
(7) മൂസാ തന്‍റെ കുടുംബത്തോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. അതിന്‍റെ അടുത്ത് നിന്ന് ഞാന്‍ നിങ്ങള്‍ക്ക് വല്ല വിവരവും കൊണ്ട് വരാം. അല്ലെങ്കില്‍ അതില്‍ നിന്ന് ഒരു തീ നാളം കൊളുത്തി എടുത്ത് ഞാന്‍ നിങ്ങള്‍ക്ക് കൊണ്ട് വരാം. നിങ്ങള്‍ക്ക് തീ കായാമല്ലോ.
(8) അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ ഇപ്രകാരം വിളിച്ചുപറയപ്പെട്ടു; തീയിലുള്ളവരും അതിനു ചുറ്റുമുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ലോകരക്ഷിതാവായ അല്ലാഹു എത്രയോ പരിശുദ്ധനാകുന്നു.
(9) ഹേ; മൂസാ, തീര്‍ച്ചയായും പ്രതാപിയും യുക്തിമാനുമായ അല്ലാഹുവാണ് ഞാന്‍.
(10) നീ നിന്‍റെ വടി താഴെയിടൂ. അങ്ങനെ അത് ഒരു സര്‍പ്പമെന്നോണം ചലിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹം പിന്തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയില്ല. അല്ലാഹു പറഞ്ഞു: ഹേ; മൂസാ, നീ ഭയപ്പെടരുത്. ദൂതന്‍മാര്‍ എന്‍റെ അടുക്കല്‍ പേടിക്കേണ്ടതില്ല; തീര്‍ച്ച.
(11) പക്ഷെ, വല്ലവനും അക്രമം പ്രവര്‍ത്തിക്കുകയും, പിന്നീട് തിന്‍മയ്ക്ക് ശേഷം നന്‍മയെ പകരം കൊണ്ട് വരികയും ചെയ്താല്‍ തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(12) നീ നിന്‍റെ കൈ കുപ്പായമാറിലേക്ക് പ്രവേശിപ്പിക്കുക. യാതൊരു കളങ്കവും കൂടാതെ വെളുപ്പുനിറമുള്ളതായിക്കൊണ്ട് അത് പുറത്ത് വരും. ഫിര്‍ഔന്‍റെയും അവന്‍റെ ജനതയുടെയും അടുത്തേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ ഇവ. തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു.
(13) അങ്ങനെ കണ്ണുതുറപ്പിക്കത്തക്ക നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: ഇതു സ്പഷ്ടമായ ജാലവിദ്യതന്നെയാകുന്നു.