(47) ആ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ് അവങ്കലേക്കാണ് മടക്കപ്പെടുന്നത്. പഴങ്ങളൊന്നും അവയുടെ പോളകളില്‍ നിന്ന് പുറത്ത് വരുന്നില്ല; ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുകയോ, പ്രസവിക്കുകയോ ചെയ്യുന്നുമില്ല; അവന്‍റെ അറിവോട് കൂടിയല്ലാതെ. എന്‍റെ പങ്കാളികളെവിടെ എന്ന് അവന്‍ അവരോട് വിളിച്ചുചോദിക്കുന്ന ദിവസം അവര്‍ പറയും: ഞങ്ങളിതാ നിന്നെ അറിയിക്കുന്നു. ഞങ്ങളില്‍ (അതിന്ന്) സാക്ഷികളായി ആരുമില്ല
(48) മുമ്പ് അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നതെല്ലാം അവരെ വിട്ട് മറഞ്ഞു പോകുകയും തങ്ങള്‍ക്ക് യാതൊരു രക്ഷാസങ്കേതവുമില്ല എന്ന് അവര്‍ക്ക് ബോധ്യം വരികയും ചെയ്യും.
(49) നന്‍മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ മനുഷ്യന് മടുപ്പ് തോന്നുന്നില്ല. തിന്‍മ അവനെ ബാധിച്ചാലോ അവന്‍ മനം മടുത്തവനും നിരാശനുമായിത്തീരുന്നു.
(50) അവന്ന് കഷ്ടത ബാധിച്ചതിനു ശേഷം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നാം അവന്ന് അനുഭവിപ്പിച്ചാല്‍ തീര്‍ച്ചയായും അവന്‍ പറയും: ഇത് എനിക്ക് അവകാശപ്പെട്ടതാകുന്നു. അന്ത്യസമയം നിലവില്‍ വരുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഇനി എന്‍റെ രക്ഷിതാവിങ്കലേക്ക് ഞാന്‍ തിരിച്ചയക്കപ്പെടുകയാണെങ്കിലോ എനിക്ക് അവന്‍റെ അടുക്കല്‍ തീര്‍ച്ചയായും ഏറ്റവും മെച്ചപ്പെട്ട നില തന്നെയാണുണ്ടായിരിക്കുക. എന്നാല്‍ സത്യനിഷേധികള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നാം വിവരം നല്‍കുകയും കഠിനമായ ശിക്ഷയില്‍ നിന്ന് നാം അവര്‍ക്ക് അനുഭവിപ്പിക്കുകയും ചെയ്യും.
(51) നാം മനുഷ്യന് അനുഗ്രഹം ചെയ്താല്‍ അവനതാ പിന്തിരിഞ്ഞ് കളയുകയും, അവന്‍റെ പാട്ടിന് മാറിക്കളയുകയും ചെയ്യുന്നു. അവന്ന് തിന്‍മ ബാധിച്ചാലോ അവനതാ നീണ്ട പ്രാര്‍ത്ഥനക്കാരനായിത്തീരുന്നു.
(52) നീ പറയുക: നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇത് (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്നുള്ളതായിരിക്കുകയും എന്നിട്ട് നിങ്ങളതില്‍ അവിശ്വസിച്ചിരിക്കുകയുമാണെങ്കില്‍ കടുത്ത മാത്സര്യത്തില്‍ കഴിയുന്നവനെക്കാളും കൂടുതല്‍ പിഴച്ച് പോയവന്‍ ആരുണ്ട്.?
(53) ഇത് (ഖുര്‍ആന്‍) സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്. നിന്‍റെ രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ?
(54) ഓര്‍ക്കുക, തീര്‍ച്ചയായും അവര്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന കാര്യത്തെപ്പറ്റി സംശയത്തിലാകുന്നു. ഓര്‍ക്കുക, തീര്‍ച്ചയായും അവന്‍ ഏതൊരു വസ്തുവിനെയും വലയം ചെയ്തിട്ടുള്ളവനാകുന്നു.