(23) ഒരു സ്ത്രീ അവരെ ഭരിക്കുന്നതായി ഞാന്‍ കണ്ടെത്തുകയുണ്ടായി. എല്ലാകാര്യങ്ങളില്‍ നിന്നും അവള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. അവള്‍ക്ക് ഗംഭീരമായ ഒരു സിംഹാസനവുമുണ്ട്.
(24) അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യന് പ്രണാമം ചെയ്യുന്നതായിട്ടാണ് ഞാന്‍ കണ്ടെത്തിയത്. പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും, അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ നേര്‍വഴി പ്രാപിക്കുന്നില്ല.
(25) ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞു കിടക്കുന്നത് പുറത്ത് കൊണ്ട് വരികയും, നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് അവര്‍ പ്രണാമം ചെയ്യാതിരിക്കുവാന്‍ വേണ്ടി (പിശാച് അങ്ങനെ ചെയ്യുന്നു.)
(26) മഹത്തായ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല.
(27) സുലൈമാന്‍ പറഞ്ഞു: നീ സത്യം പറഞ്ഞതാണോ അതല്ല നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലായിരിക്കുന്നുവോ എന്ന് നാം നോക്കാം.
(28) നീ എന്‍റെ ഈ എഴുത്ത് കൊണ്ടു പോയി അവര്‍ക്ക് ഇട്ടുകൊടുക്കുക. പിന്നീട് നീ അവരില്‍ നിന്ന് മാറി നിന്ന് അവര്‍ എന്ത് മറുപടി നല്‍കുന്നു എന്ന് നോക്കുക.
(29) അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, എനിക്കിതാ മാന്യമായ ഒരു എഴുത്ത് നല്‍കപ്പെട്ടിരിക്കുന്നു.
(30) അത് സുലൈമാന്‍റെ പക്കല്‍ നിന്നുള്ളതാണ്. ആ കത്ത് ഇപ്രകാരമത്രെ: പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
(31) എനിക്കെതിരില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കാതിരിക്കുകയും, കീഴൊതുങ്ങിയവരായിക്കൊണ്ട് നിങ്ങള്‍ എന്‍റെ അടുത്ത് വരികയും ചെയ്യുക.
(32) അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, എന്‍റെ ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് നിര്‍ദേശം നല്‍കുക. നിങ്ങള്‍ എന്‍റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാന്‍.
(33) അവര്‍ പറഞ്ഞു: നാം ശക്തിയുള്ളവരും ഉഗ്രമായ സമരവീര്യമുള്ളവരുമാണ്. അധികാരം അങ്ങേക്കാണല്ലോ, അതിനാല്‍ എന്താണ് കല്‍പിച്ചരുളേണ്ടതെന്ന് ആലോചിച്ചു നോക്കുക.
(34) അവള്‍ പറഞ്ഞു: തീര്‍ച്ചയായും രാജാക്കന്‍മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ നാശമുണ്ടാക്കുകയും, അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യന്‍മാരാക്കുകയും ചെയ്യുന്നതാണ്. അപ്രകാരമാകുന്നു അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
(35) ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്‍മാര്‍ മടങ്ങിവരുന്നതെന്ന് നോക്കാന്‍ പോകുകയാണ്.