(16) എന്നാല്‍ അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ചു കളയുകയും ചെയ്തവരാരോ അവര്‍ ശിക്ഷയ്ക്കായി ഹാജരാക്കപ്പെടുന്നവരാകുന്നു.
(17) ആകയാല്‍ നിങ്ങള്‍ സന്ധ്യാവേളയിലാകുമ്പോഴും പ്രഭാതവേളയിലാകുമ്പോഴും അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക.
(18) ആകാശങ്ങളിലും ഭൂമിയിലും അവനുതന്നെയാകുന്നു സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും (അവനെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക.)
(19) നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ അവന്‍ പുറത്ത് കൊണ്ട് വരുന്നു. ജീവനുള്ളതില്‍ നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്ത് കൊണ്ട് വരുന്നു. ഭൂമിയുടെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം അതിന്നവന്‍ ജീവന്‍ നല്‍കുകയും ചെയ്യുന്നു. അതുപോലെത്തന്നെ നിങ്ങളും പുറത്ത് കൊണ്ട് വരപ്പെടും.
(20) നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.
(21) നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
(22) ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
(23) രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
(24) ഭയവും ആശയും ഉളവാക്കിക്കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും അത് മൂലം ഭൂമിക്ക് അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.