(21) നമ്മെ കണ്ടുമുട്ടാന്‍ ആശിക്കാത്തവര്‍ പറഞ്ഞു: നമ്മുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടുകയോ, നമ്മുടെ രക്ഷിതാവിനെ നാം (നേരില്‍) കാണുകയോ ചെയ്യാത്തതെന്താണ്? തീര്‍ച്ചയായും അവര്‍ സ്വയം ഗര്‍വ്വ് നടിക്കുകയും, വലിയ ധിക്കാരം കാണിക്കുകയും ചെയ്തിരിക്കുന്നു.
(22) മലക്കുകളെ അവര്‍ കാണുന്ന ദിവസം(ശ്രദ്ധേയമാകുന്നു.) അന്നേ ദിവസം കുറ്റവാളികള്‍ക്ക് യാതൊരു സന്തോഷവാര്‍ത്തയുമില്ല. കര്‍ക്കശമായ വിലക്ക് കല്‍പിക്കപ്പെട്ടിരിക്കുകയാണ് എന്നായിരിക്കും അവര്‍ (മലക്കുകള്‍) പറയുക.
(23) അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും.
(24) അന്ന് സ്വര്‍ഗവാസികള്‍ ഉത്തമമായ വാസസ്ഥലവും ഏറ്റവും നല്ല വിശ്രമസ്ഥലവുമുള്ളവരായിരിക്കും.
(25) ആകാശം പൊട്ടിപ്പിളര്‍ന്ന് വെണ്‍മേഘപടലം പുറത്ത് വരുകയും, മലക്കുകള്‍ ശക്തിയായി ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസം.
(26) അന്ന് യഥാര്‍ത്ഥമായ ആധിപത്യം പരമകാരുണികന്നായിരിക്കും. സത്യനിഷേധികള്‍ക്ക് വിഷമകരമായ ഒരു ദിവസമായിരിക്കും അത്.
(27) അക്രമം ചെയ്തവന്‍ തന്‍റെ കൈകള്‍ കടിക്കുന്ന ദിവസം. അവന്‍ പറയും റസൂലിന്‍റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ,
(28) എന്‍റെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ.
(29) എനിക്ക് ബോധനം വന്നുകിട്ടിയതിന് ശേഷം അതില്‍ നിന്നവന്‍ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച് മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു.
(30) (അന്ന്) റസൂല്‍ പറയും: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു.
(31) അപ്രകാരം തന്നെ ഓരോ പ്രവാചകന്നും കുറ്റവാളികളില്‍ പെട്ട ചില ശത്രുക്കളെ നാം ഏര്‍പെടുത്തിയിരിക്കുന്നു. മാര്‍ഗദര്‍ശകനായും സഹായിയായും നിന്‍റെ രക്ഷിതാവ് തന്നെ മതി.
(32) സത്യനിഷേധികള്‍ പറഞ്ഞു; ഇദ്ദേഹത്തിന് ഖുര്‍ആന്‍ ഒറ്റതവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്. അത് കൊണ്ട് നിന്‍റെ ഹൃദയത്തെ ഉറപ്പിച്ച് നിര്‍ത്തുവാന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും ചെയ്തിരിക്കുന്നു.