(104) നീ അവരോട് ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നുമില്ല. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനം മാത്രമാകുന്നു.
(105) ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! അവയെ അവഗണിച്ചുകൊണ്ട് അവര്‍ അവയുടെ അടുത്ത് കൂടി കടന്ന് പോകുന്നു.
(106) അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്.
(107) അവരെ വലയം ചെയ്യുന്ന തരത്തിലുള്ള അല്ലാഹുവിന്‍റെ ശിക്ഷ അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി, അല്ലെങ്കില്‍ അവര്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് അന്ത്യദിനം അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ?
(108) (നബിയേ,) പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ.
(109) വിവിധ രാജ്യക്കാരില്‍ നിന്ന് നാം സന്ദേശം നല്‍കിക്കൊണ്ടിരുന്ന ചില പുരുഷന്‍മാരെത്തന്നെയാണ് നിനക്ക് മുമ്പും നാം ദൂതന്‍മാരായി നിയോഗിച്ചിട്ടുള്ളത് അവര്‍ (അവിശ്വാസികള്‍) ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിയിട്ടില്ലേ? എന്നാല്‍ പരലോകമാണ് സൂക്ഷ്മത പാലിച്ചവര്‍ക്ക് കൂടുതല്‍ ഉത്തമമായിട്ടുള്ളത്. അപ്പോള്‍ നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?
(110) അങ്ങനെ ദൈവദൂതന്‍മാര്‍ നിരാശപ്പെടുകയും (അവര്‍) തങ്ങളോട് പറഞ്ഞത് കളവാണെന്ന് ജനങ്ങള്‍ വിചാരിക്കുകയും ചെയ്തപ്പോള്‍ നമ്മുടെ സഹായം അവര്‍ക്ക് (ദൂതന്‍മാര്‍ക്ക്) വന്നെത്തി. അങ്ങനെ നാം ഉദ്ദേശിച്ചിരുന്നവര്‍ക്ക് രക്ഷനല്‍കപ്പെട്ടു. കുറ്റവാളികളായ ജനങ്ങളില്‍ നിന്നും നമ്മുടെ ശിക്ഷ തടുക്കപ്പെടുന്നതല്ല.
(111) തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്.