(82) വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.
(83) ഇബ്രാഹീമിന് തന്‍റെ ജനതയ്ക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം പദവികള്‍ ഉയര്‍ത്തികൊടുക്കുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.
(84) അദ്ദേഹത്തിന് നാം ഇസഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന് മുമ്പ് നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി.) അപ്രകാരം സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു.
(85) സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ് എന്നിവരെയും (നേര്‍വഴിയിലാക്കി.) അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ.
(86) ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി.) അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു.
(87) അവരുടെ പിതാക്കളില്‍ നിന്നും സന്തതികളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും (ചിലര്‍ക്ക് നാം ശ്രേഷ്ഠത നല്‍കിയിരിക്കുന്നു.) അവരെ നാം വിശിഷ്ടരായി തെരഞ്ഞെടുക്കുകയും, നേര്‍മാര്‍ഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്തിരിക്കുന്നു.
(88) അതാണ് അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അത് മുഖേന തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു. അവര്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു.
(89) നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍. ഇനി ഇക്കൂട്ടര്‍ അവയൊക്കെ നിഷേധിക്കുകയാണെങ്കില്‍ അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാമത് ഭരമേല്‍പിച്ചിട്ടുണ്ട്
(90) അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക. (നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.