(30) ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക.
(31) ഐഹികജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും.
(32) ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്.
(33) അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?
(34) നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.
(35) ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.
(36) പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.
(37) അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.
(38) ഇനി അവര്‍ അഹംഭാവം നടിക്കുകയാണെങ്കില്‍ നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) രാവും പകലും അവനെ പ്രകീര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് മടുപ്പ് തോന്നുകയില്ല.