(38) അവിടെ വെച്ച് സകരിയ്യ തന്‍റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു.
(39) അങ്ങനെ അദ്ദേഹം മിഹ്‌റാബില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്‌യാ (എന്ന കുട്ടി) യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനത്തെ ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്‍.
(40) അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരു ആണ്‍കുട്ടിയുണ്ടാവുക? എനിക്ക് വാര്‍ദ്ധക്യമെത്തിക്കഴിഞ്ഞു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയാണു താനും. അല്ലാഹു പറഞ്ഞു: അങ്ങനെതന്നെയാകുന്നു; അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
(41) അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് ഒരു അടയാളം ഏര്‍പെടുത്തിത്തരേണമേ. അല്ലാഹു പറഞ്ഞു: നിനക്കുള്ള അടയാളം ആംഗ്യരൂപത്തിലല്ലാതെ മൂന്നു ദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു. നിന്‍റെ രക്ഷിതാവിനെ നീ ധാരാളം ഓര്‍മിക്കുകയും, വൈകുന്നേരവും രാവിലെയും അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക.
(42) മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധിക്കുക:) മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക് പരിശുദ്ധി നല്‍കുകയും, ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.
(43) മര്‍യമേ, നിന്‍റെ രക്ഷിതാവിനോട് നീ ഭയഭക്തി കാണിക്കുകയും, സാഷ്ടാംഗം ചെയ്യുകയും, തലകുനിക്കുന്നവരോടൊപ്പം തലകുനിക്കുകയും ചെയ്യുക.
(44) (നബിയേ,) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യമിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകളിട്ടു കൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തില്‍ ഏര്‍പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല.
(45) മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും.