ق Qaaf
(1) ഖാഫ്. മഹത്വമേറിയ ഖുര്‍ആന്‍ തന്നെയാണ, സത്യം.
(2) എന്നാല്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത് വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെട്ടു. എന്നിട്ട് സത്യനിഷേധികള്‍ പറഞ്ഞു: ഇത് അത്ഭുതകരമായ കാര്യമാകുന്നു.
(3) നാം മരിച്ച് മണ്ണായിക്കഴിഞ്ഞിട്ടോ (ഒരു പുനര്‍ ജന്‍മം?) അത് വിദൂരമായ ഒരു മടക്കമാകുന്നു.
(4) അവരില്‍ നിന്ന് ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്; തീര്‍ച്ച നമ്മുടെ അടുക്കല്‍ (വിവരങ്ങള്‍) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥവുമുണ്ട്.
(5) എന്നാല്‍ സത്യം അവര്‍ക്കു വന്നെത്തിയപ്പോള്‍ അവര്‍ അത് നിഷേധിച്ചു കളഞ്ഞു. അങ്ങനെ അവര്‍ ഇളകികൊണ്ടിരിക്കുന്ന (അനിശ്ചിതമായ) ഒരു നിലപാടിലാകുന്നു.
(6) അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്? അതിന് വിടവുകളൊന്നുമില്ല.
(7) ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൌതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
(8) (സത്യത്തിലേക്ക്) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി.
(9) ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു.
(10) അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും.
(11) (നമ്മുടെ) ദാസന്‍മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാട്.
(12) ഇവരുടെ മുമ്പ് നൂഹിന്‍റെ ജനതയും റസ്സുകാരും, ഥമൂദ് സമുദായവും സത്യം നിഷേധിക്കുകയുണ്ടായി.
(13) ആദ് സമുദായവും, ഫിര്‍ഔനും, ലൂത്വിന്‍റെ സഹോദരങ്ങളും,
(14) മരക്കൂട്ടങ്ങള്‍ക്കിടയില്‍ വസിച്ചിരുന്നവരും, തുബ്ബഇന്‍റെ ജനതയും. ഇവരെല്ലാം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അപ്പോള്‍(അവരില്‍) എന്‍റെ താക്കീത് സത്യമായി പുലര്‍ന്നു.
(15) അപ്പോള്‍ ആദ്യതവണ സൃഷ്ടിച്ചതു കൊണ്ട് നാം ക്ഷീണിച്ച് പോയോ? അല്ല, അവര്‍ പുതിയൊരു സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാകുന്നു.