(105) അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ് ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ.
(106) ഫിര്‍ഔന്‍ പറഞ്ഞു: നീ തെളിവും കൊണ്ട് തന്നെയാണ് വന്നിട്ടുള്ളതെങ്കില്‍ അതിങ്ങ് കൊണ്ടുവാ; നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍.
(107) അപ്പോള്‍ മൂസാ തന്‍റെ വടി താഴെയിട്ടു. അപ്പോഴതാ അത് ഒരു പ്രത്യക്ഷമായ സര്‍പ്പമാകുന്നു.
(108) അദ്ദേഹം തന്‍റെ കൈ പുറത്തെടുത്ത് കാണിച്ചു. അപ്പോഴതാ നിരീക്ഷിക്കുന്നവര്‍ക്കെല്ലാം അത് വെള്ളയായി കാണുന്നു.
(109) ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നല്ല വിവരമുള്ള ജാലവിദ്യക്കാരന്‍ തന്നെ.
(110) നിങ്ങളെ നിങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ക്കെന്താണ് നിര്‍ദേശിക്കാനുള്ളത്?
(111) അവര്‍ (ഫിര്‍ഔനോട്) പറഞ്ഞു: ഇവന്നും ഇവന്‍റെ സഹോദരന്നും താങ്കള്‍ കുറച്ച് ഇടകൊടുക്കുക. നഗരങ്ങളില്‍ ചെന്ന് വിളിച്ചുകൂട്ടാന്‍ ആളുകളെ അയക്കുകയും ചെയ്യുക.
(112) എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവര്‍ താങ്കളുടെ അടുക്കല്‍ കൊണ്ടുവരട്ടെ
(113) ജാലവിദ്യക്കാര്‍ ഫിര്‍ഔന്‍റെ അടുത്ത് വന്നു. അവര്‍ പറഞ്ഞു: ഞങ്ങളാണ് ജയിക്കുന്നവരെങ്കില്‍ ഞങ്ങള്‍ക്കു നല്ല പ്രതിഫലമുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണല്ലോ?
(114) ഫിര്‍ഔന്‍ പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ (എന്‍റെ അടുക്കല്‍) സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.
(115) അവര്‍ പറഞ്ഞു: ഹേ, മൂസാ ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ഇടുന്നത്.
(116) മൂസാ പറഞ്ഞു: നിങ്ങള്‍ ഇട്ടുകൊള്ളുക. അങ്ങനെ ഇട്ടപ്പോള്‍ അവര്‍ ആളുകളുടെ കണ്ണുകെട്ടുകയും അവര്‍ക്ക് ഭയമുണ്ടാക്കുകയും ചെയ്തു. വമ്പിച്ച ഒരു ജാലവിദ്യയാണ് അവര്‍ കൊണ്ടു വന്നത്.
(117) മൂസായ്ക്ക് നാം ബോധനം നല്‍കി; നീ നിന്‍റെ വടി ഇട്ടേക്കുക എന്ന്. അപ്പോള്‍ ആ വടിയതാ അവര്‍ കൃത്രിമമായി ഉണ്ടാക്കിയതിനെ വിഴുങ്ങുന്നു.
(118) അങ്ങനെ സത്യം സ്ഥിരപ്പെടുകയും, അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകുകയും ചെയ്തു.
(119) അങ്ങനെ അവിടെ വെച്ച് അവര്‍ പരാജയപ്പെടുകയും, അവര്‍ നിസ്സാരന്‍മാരായി മാറുകയും ചെയ്തു.
(120) അവര്‍ (ആ ജാലവിദ്യക്കാര്‍) സാഷ്ടാംഗംചെയ്യുന്നവരായി വീഴുകയും ചെയ്തു.