(64) ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍!
(65) എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്) പങ്കുചേര്‍ക്കുന്നു.
(66) അങ്ങനെ നാം അവര്‍ക്ക് നല്‍കിയതില്‍ അവര്‍ നന്ദികേട് കാണിക്കുകയും, അവര്‍ സുഖം അനുഭവിക്കുകയും ചെയ്യുന്നവരായിത്തീര്‍ന്നു. എന്നാല്‍ വഴിയെ അവര്‍ (കാര്യം) മനസ്സിലാക്കികൊള്ളും.
(67) നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം ഏര്‍പെടുത്തിയിരിക്കുന്നു എന്ന് അവര്‍ കണ്ടില്ലേ? അവരുടെ ചുറ്റുഭാഗത്തു നിന്നാകട്ടെ ആളുകള്‍ റാഞ്ചിയെടുക്കപ്പെടുന്നു. എന്നിട്ടും അസത്യത്തില്‍ അവര്‍ വിശ്വസിക്കുകയും അല്ലാഹുവിന്‍റെ അനുഗ്രഹത്തോട് അവര്‍ നന്ദികേട് കാണിക്കുകയുമാണോ?
(68) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, സത്യം വന്നുകിട്ടിയപ്പോള്‍ അത് നിഷേധിച്ച് തള്ളുകയോ ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്.? നരകത്തില്‍ സത്യനിഷേധികള്‍ക്കു വാസസ്ഥലം ഇല്ലയോ?
(69) നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു.
الروم Ar-Room
(1) അലിഫ്-ലാം-മീം
(2) റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു.
(3) അടുത്തനാട്ടില്‍ വെച്ച്. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്.
(4) ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേ ദിവസം സത്യവിശ്വാസികള്‍ സന്തുഷ്ടരാകുന്നതാണ്.
(5) അല്ലാഹുവിന്‍റെ സഹായം കൊണ്ട്. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവനത്രെ പ്രതാപിയും കരുണാനിധിയും.