(45) അല്ലാഹു നിങ്ങളുടെ ശത്രുക്കളെപ്പറ്റി നന്നായി അറിയുന്നവനാകുന്നു. നിങ്ങള്‍ക്ക് രക്ഷകനായി അല്ലാഹു മതി, സഹായിയായും അല്ലാഹു തന്നെ മതി.
(46) യഹൂദരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍.) വാക്കുകളെ അവര്‍ സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള്‍ വളച്ചൊടിച്ച് കൊണ്ടും, മതത്തെ കുത്തിപ്പറഞ്ഞ് കൊണ്ടും സമിഅ്നാ വഅസൈനാ എന്നും ഇസ്മഅ് ഗൈറ മുസ്മഅ് എന്നും റാഇനാ എന്നും അവര്‍ പറയുന്നു. സമിഅ്നാ വഅത്വഅ്നാ (ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു) എന്നും ഇസ്മഅ് (കേള്‍ക്കണേ) എന്നും ഉന്‍ളുര്‍നാ (ഞങ്ങളെ ഗൌനിക്കണേ) എന്നും അവര്‍ പറഞ്ഞിരുന്നെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ ഉത്തമവും വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷെ അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ.
(47) ഹേ; വേദഗ്രന്ഥം നല്‍കപ്പെട്ടവരേ, നിങ്ങളുടെ പക്കലുള്ള വേദത്തെ സത്യപ്പെടുത്തിക്കൊണ്ട് നാം അവതരിപ്പിച്ചതില്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍. നാം ചില മുഖങ്ങള്‍ തുടച്ചുനീക്കിയിട്ട് അവയെ പിന്‍വശങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പായി, അല്ലെങ്കില്‍ ശബ്ബത്തിന്‍റെ ആള്‍ക്കാരെ നാം ശപിച്ചത് പോലെ നിങ്ങളെയും ശപിക്കുന്നതിന്നുമുമ്പായി നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുക തന്നെ ചെയ്യും.
(48) തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.
(49) സ്വയം പരിശുദ്ധരെന്ന് അവകാശപ്പെടുന്നവരെ നീ കണ്ടില്ലേ? എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ പരിശുദ്ധരാക്കുന്നു. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.
(50) എങ്ങനെയാണ് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നത് എന്ന് നോക്കൂ. പ്രത്യക്ഷമായ കുറ്റമായിട്ട് അതു തന്നെ മതി.
(51) വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര്‍ ക്ഷുദ്ര വിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു; ഇക്കൂട്ടരാണ് വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്.