(43) നീ (ദൈവത്താല്‍) നിയോഗിക്കപ്പെട്ടവനല്ലെന്ന് സത്യനിഷേധികള്‍ പറയുന്നു. പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. ആരുടെ പക്കലാണോ വേദവിജ്ഞാനമുള്ളത് അവരും മതി.
ابراهيم Ibrahim
(1) അലിഫ് ലാം റാ മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്.
(2) ആകാശങ്ങളിലുള്ളതിന്‍റെയും ഭൂമിയിലുള്ളതിന്‍റെയും ഉടമയായ അല്ലാഹുവിന്‍റെ (മാര്‍ഗത്തിലേക്ക് അവരെ കൊണ്ട് വരുവാന്‍ വേണ്ടി) . സത്യനിഷേധികള്‍ക്ക് കഠിനമായ ശിക്ഷയാല്‍ മഹാനാശം തന്നെ.
(3) അതായത്, പരലോകത്തെക്കാള്‍ ഇഹലോകജീവിതത്തെ കൂടുതല്‍ സ്നേഹിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുകയും അതിന് (ആ മാര്‍ഗത്തിന്) വക്രത വരുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്. അക്കൂട്ടര്‍ വിദൂരമായ വഴികേടിലാകുന്നു.
(4) യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവരുടെ ഭാഷയില്‍ (സന്ദേശം നല്‍കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അങ്ങനെ താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവനത്രെ പ്രതാപിയും യുക്തിമാനുമായിട്ടുള്ളവന്‍.
(5) നിന്‍റെ ജനതയെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ട് വരികയും, അല്ലാഹുവിന്‍റെ (അനുഗ്രഹത്തിന്‍റെ) നാളുകളെപ്പറ്റി അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുക എന്ന് നിര്‍ദേശിച്ചുകൊണ്ട് മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം അയക്കുകയുണ്ടായി. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. തീര്‍ച്ച.