(52) പര്‍വ്വതത്തിന്‍റെ വലതുഭാഗത്ത് നിന്ന് നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി നാം അദ്ദേഹത്തിന് സാമീപ്യം നല്‍കുകയും ചെയ്തു.
(53) നമ്മുടെ കാരുണ്യത്താല്‍ തന്‍റെ സഹോദരനായ ഹാറൂനിനെ ഒരു പ്രവാചകനായി, അദ്ദേഹത്തിന് (സഹായത്തിനായി) നാം നല്‍കുകയും ചെയ്തു.
(54) വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.
(55) തന്‍റെ ആളുകളോട് നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു.
(56) വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.
(57) അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.
(58) അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്‍മാരത്രെ അവര്‍. ആദമിന്‍റെ സന്തതികളില്‍ പെട്ടവരും, നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍പെട്ടവരും ഇബ്രാഹീമിന്‍റെയും ഇസ്രായീലിന്‍റെയും സന്തതികളില്‍ പെട്ടവരും, നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍. പരമകാരുണികന്‍റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായി ക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്.
(59) എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്.
(60) എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവര്‍ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല.
(61) പരമകാരുണികന്‍ തന്‍റെ ദാസന്‍മാരോട് അദൃശ്യമായ നിലയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനായുള്ള സ്വര്‍ഗത്തോപ്പുകളില്‍ (അവര്‍ പ്രവേശിക്കും.) തീര്‍ച്ചയായും അവന്‍റെ വാഗ്ദാനം നടപ്പില്‍ വരുന്നത് തന്നെയാകുന്നു.
(62) സലാം അല്ലാതെ നിരര്‍ത്ഥകമായ യാതൊന്നും അവരവിടെ കേള്‍ക്കുകയില്ല. തങ്ങളുടെ ആഹാരം രാവിലെയും വൈകുന്നേരവും അവര്‍ക്കവിടെ ലഭിക്കുന്നതാണ്.
(63) നമ്മുടെ ദാസന്‍മാരില്‍ നിന്ന് ആര്‍ ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തികൊടുക്കുന്ന സ്വര്‍ഗമത്രെ അത്.
(64) (നബിയോട് ജിബ്‌രീല്‍ പറഞ്ഞു:) താങ്കളുടെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരമല്ലാതെ നാം ഇറങ്ങിവരുന്നതല്ല. നമ്മുടെ മുമ്പിലുള്ളതും നമ്മുടെ പിന്നിലുള്ളതും അതിന്നിടയിലുള്ളതും എല്ലാം അവന്‍റെതത്രെ. താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല.