(34) വ്യക്തമായ തെളിവുകളും കൊണ്ട് മുമ്പ് യൂസുഫ് നിങ്ങളുടെ അടുത്ത് വരികയുണ്ടായിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം നിങ്ങള്‍ക്ക് കൊണ്ടുവന്നതിനെ പറ്റി നിങ്ങള്‍ സംശയത്തിലായിക്കൊണേ്ടയിരുന്നു. എന്നിട്ട് അദ്ദേഹം മരണപ്പെട്ടപ്പോള്‍ ഇദ്ദേഹത്തിനു ശേഷം അല്ലാഹു ഇനി ഒരു ദൂതനെയും നിയോഗിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞു. അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളതാരോ അവരെ അല്ലാഹു വഴിതെറ്റിക്കുന്നു.
(35) അതായത് തങ്ങള്‍ക്ക് യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരെ. അത് അല്ലാഹുവിന്‍റെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു.
(36) ഫിര്‍ഔന്‍ പറഞ്ഞു. ഹാമാനേ, എനിക്ക് ആ മാര്‍ഗങ്ങളില്‍ എത്താവുന്ന വിധം എനിക്കു വേണ്ടി നീ ഒരു ഉന്നത സൌധം പണിതു തരൂ!
(37) അഥവാ ആകാശമാര്‍ഗങ്ങളില്‍. എന്നിട്ടു മൂസായുടെ ദൈവത്തിന്‍റെ അടുത്തേക്ക് എത്തിനോക്കുവാന്‍. തീര്‍ച്ചയായും അവന്‍ (മൂസാ) കളവു പറയുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അപ്രകാരം ഫിര്‍ഔന് തന്‍റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാര്‍ഗത്തില്‍ നിന്ന് അവന്‍ തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തില്‍ തന്നെയായിരുന്നു.
(38) ആ വിശ്വസിച്ച വ്യക്തി പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ എന്നെ പിന്തുടരൂ. ഞാന്‍ നിങ്ങള്‍ക്ക് വിവേകത്തിന്‍റെ മാര്‍ഗം കാട്ടിത്തരാം.
(39) എന്‍റെ ജനങ്ങളേ, ഈ ഐഹികജീവിതം ഒരു താല്‍ക്കാലിക വിഭവം മാത്രമാണ്. തീര്‍ച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം.
(40) ആരെങ്കിലും ഒരു തിന്‍മപ്രവര്‍ത്തിച്ചാല്‍ തത്തുല്യമായ പ്രതിഫലമേ അവന്നു നല്‍കപ്പെടുകയുള്ളൂ സത്യവിശ്വാസിയായികൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. കണക്കുനോക്കാതെ അവര്‍ക്ക് അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും.