(170) അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?)
(171) സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല.
(172) സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍.
(173) ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത് ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല. (എന്നാല്‍) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(174) അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
(175) സന്‍മാര്‍ഗത്തിനു പകരം ദുര്‍മാര്‍ഗവും, പാപമോചനത്തിനു പകരം ശിക്ഷയും വാങ്ങിയവരാകുന്നു അവര്‍. നരകശിക്ഷ അനുഭവിക്കുന്നതില്‍ അവര്‍ക്കെന്തൊരു ക്ഷമയാണ്!
(176) സത്യം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതിനാലാണത്. വേദഗ്രന്ഥത്തിന്‍റെകാര്യത്തില്‍ ഭിന്നിച്ചവര്‍ (സത്യത്തില്‍ നിന്ന്) അകന്ന മാത്സര്യത്തിലാകുന്നു തീര്‍ച്ച.