(107) ദ്രോഹബുദ്ധിയാലും, സത്യനിഷേധത്താലും, വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവന്‍റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കികൊടുക്കുവാന്‍ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും (ആ കപടന്‍മാരുടെ കൂട്ടത്തിലുണ്ട്). ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവര്‍ ആണയിട്ട് പറയുകയും ചെയ്യും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
(108) (നബിയേ,) നീ ഒരിക്കലും അതില്‍ നമസ്കാരത്തിനു നില്‍ക്കരുത്. ആദ്യ ദിവസം തന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്. ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
(109) അല്ലാഹുവെ സംബന്ധിച്ച ഭക്തിയിന്‍മേലും അവന്‍റെ പ്രീതിയിന്‍മേലും തന്‍റെ കെട്ടിടം സ്ഥാപിച്ചവനോ അതല്ല, പൊളിഞ്ഞുവീഴാന്‍ പോകുന്ന ഒരു മണല്‍തിട്ടയുടെ വക്കത്ത് കെട്ടിടം സ്ഥാപിക്കുകയും എന്നിട്ടത് തന്നെയും കൊണ്ട് നരകാഗ്നിയില്‍ പൊളിഞ്ഞുവീഴുകയും ചെയ്തവനോ കൂടുതല്‍ ഉത്തമന്‍? അക്രമികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
(110) അവര്‍ സ്ഥാപിച്ച അവരുടെ കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ ആശങ്കയായി തുടരുന്നതാണ്. അവരുടെ ഹൃദയങ്ങള്‍ കഷ്ണം കഷ്ണമായി തീര്‍ന്നെങ്കിലല്ലാതെ. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
(111) തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. (അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു.) തൌറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലും തന്‍റെ മേല്‍ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്. അല്ലാഹുവെക്കാളധികം തന്‍റെ കരാര്‍ നിറവേറ്റുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങള്‍ (അല്ലാഹുവുമായി) നടത്തിയിട്ടുള്ള ആ ഇടപാടില്‍ സന്തോഷം കൊള്ളുവിന്‍. അതു തന്നെയാണ് മഹത്തായ ഭാഗ്യം.