(6) ഭൂമിയില്‍ യാതൊരു ജന്തുവും അതിന്‍റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്.
(7) ആറുദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്. എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല.
(8) ഒരു നിര്‍ണിത കാലപരിധി വരെ അവരില്‍ നിന്നും നാം ശിക്ഷ മേറ്റീവ്ച്ചാല്‍ അവര്‍ പറയുക തന്നെ ചെയ്യും; അതിനെ തടഞ്ഞു നിര്‍ത്തുന്ന കാര്യമെന്താണ് എന്ന്. ശ്രദ്ധിക്കുക. അതവര്‍ക്ക് വന്നെത്തുന്ന ദിവസം അതവരില്‍ നിന്ന് തിരിച്ചുകളയപ്പെടുന്നതല്ല. എന്തൊന്നിനെപ്പറ്റി അവര്‍ പരിഹസിച്ചിരുന്നുവോ അതവരില്‍ വന്നെത്തുകയും ചെയ്യും.
(9) മനുഷ്യന്ന് നാം നമ്മുടെ പക്കല്‍ നിന്നുള്ള വല്ല കാരുണ്യവും ആസ്വദിപ്പിക്കുകയും, എന്നിട്ട് നാം അതവനില്‍ നിന്ന് എടുത്തുനീക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവന്‍ നിരാശനും ഏറ്റവും നന്ദികെട്ടവനുമായിരിക്കും.
(10) അവന്ന് ഒരു കഷ്ടത ബാധിച്ചതിന് ശേഷം നാമവന്ന് ഒരു അനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലോ നിശ്ചയമായും അവന്‍ പറയും; തിന്‍മകള്‍ എന്നില്‍ നിന്ന് ഒഴിഞ്ഞ് പോയിരിക്കുന്നു എന്ന്. തീര്‍ച്ചയായും അവന്‍ ആഹ്ലാദഭരിതനും അഹങ്കാരിയുമാകുന്നു.
(11) ക്ഷമിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അവര്‍ക്കാകുന്നു പാപമോചനവും വലിയ പ്രതിഫലവുമുള്ളത്.
(12) ഇയാള്‍ക്ക് ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്ത് എന്ന് (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക് നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു.