(51) സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
(52) എന്നാല്‍, മനസ്സുകള്‍ക്ക് രോഗം ബാധിച്ച ചില ആളുകള്‍ അവരുടെ കാര്യത്തില്‍ (അവരുമായി സ്നേഹബന്ധം സ്ഥാപിക്കുന്നതില്‍) തിടുക്കം കൂട്ടുന്നതായി നിനക്ക് കാണാം. ഞങ്ങള്‍ക്ക് വല്ല ആപത്തും സംഭവിച്ചേക്കുമോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. എന്നായിരിക്കും അവര്‍ പറയുന്നത്. എന്നാല്‍ അല്ലാഹു (നിങ്ങള്‍ക്ക്) പൂര്‍ണ്ണവിജയം നല്‍കുകയോ, അല്ലെങ്കില്‍ അവന്‍റെ പക്കല്‍ നിന്ന് മറ്റുവല്ല നടപടിയും ഉണ്ടാകുകയോ ചെയ്തേക്കാം. അപ്പോള്‍ തങ്ങളുടെ മനസ്സുകളില്‍ രഹസ്യമാക്കിവെച്ചതിനെപ്പറ്റി ഈ കൂട്ടര്‍ ഖേദിക്കുന്നവരായിത്തീരും.
(53) (അന്ന്) സത്യവിശ്വാസികള്‍ പറയും; ഞങ്ങള്‍ നിങ്ങളുടെ കൂടെത്തന്നെയാണ്, എന്ന് അല്ലാഹുവിന്‍റെ പേരില്‍ ബലമായി സത്യം ചെയ്ത് പറഞ്ഞിരുന്നവര്‍ ഇക്കൂട്ടര്‍ തന്നെയാണോ? എന്ന്. അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാകുകയും, അങ്ങനെ അവര്‍ നഷ്ടക്കാരായി മാറുകയും ചെയ്തിരിക്കുന്നു.
(54) സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.
(55) അല്ലാഹുവും അവന്‍റെ ദൂതനും, താഴ്മയുള്ളവരായിക്കൊണ്ട് നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്‍.
(56) വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും, സത്യവിശ്വാസികളെയും മിത്രങ്ങളായി സ്വീകരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷി തന്നെയാണ് വിജയം നേടുന്നവര്‍.
(57) സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്ന് നിങ്ങളുടെ മതത്തെ തമാശയും വിനോദവിഷയവുമാക്കി തീര്‍ത്തവരെയും, സത്യനിഷേധികളെയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുവിന്‍.