(87) എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.
(88) അങ്ങനെ യൂസുഫിന്‍റെ അടുക്കല്‍ കടന്ന് ചെന്നിട്ട് അവര്‍ പറഞ്ഞു: പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തേയും ദുരിതം ബാധിച്ചിരിക്കുന്നു. മോശമായ ചരക്കുകളേ ഞങ്ങള്‍ കൊണ്ടുവന്നിട്ടുള്ളൂ. അതിനാല്‍ താങ്കള്‍ ഞങ്ങള്‍ക്ക് അളവ് തികച്ചുതരികയും, ഞങ്ങളോട് ഔദാര്യം കാണിക്കുകയും ചെയ്യണം. തീര്‍ച്ചയായും അല്ലാഹു ഉദാരമതികള്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്.
(89) അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അറിവില്ലാത്തവരായിരുന്നപ്പോള്‍ യൂസുഫിന്‍റെയും അവന്‍റെ സഹോദരന്‍റെയും കാര്യത്തില്‍ നിങ്ങള്‍ ചെയ്തതെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ?
(90) അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്‍റെ സഹോദരനും! അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും ആര്‍ സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവോ ആ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച.
(91) അവര്‍ പറഞ്ഞു: അല്ലാഹുവെതന്നെയാണ, തീര്‍ച്ചയായും അല്ലാഹു നിനക്ക് ഞങ്ങളെക്കാള്‍ മുന്‍ഗണന നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു.
(92) അദ്ദേഹം പറഞ്ഞു: ഇന്ന് നിങ്ങളുടെ മേല്‍ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ കരുണയുള്ളവരില്‍ വെച്ച് ഏറ്റവും കാരുണികനാകുന്നു.
(93) നിങ്ങള്‍ എന്‍റെ ഈ കുപ്പായം കൊണ്ട് പോയിട്ട് എന്‍റെ പിതാവിന്‍റെ മുഖത്ത് ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. നിങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളെയും കൊണ്ട് നിങ്ങള്‍ എന്‍റെ അടുത്ത് വരുകയും ചെയ്യുക.
(94) യാത്രാസംഘം (ഈജിപ്തില്‍ നിന്ന്) പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ് (അടുത്തുള്ളവരോട്) പറഞ്ഞു: തീര്‍ച്ചയായും എനിക്ക് യൂസുഫിന്‍റെ വാസന അനുഭവപ്പെടുന്നുണ്ട്. നിങ്ങളെന്നെ ബുദ്ധിഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കില്‍ (നിങ്ങള്‍ക്കിത് വിശ്വസിക്കാവുന്നതാണ്.)
(95) അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും താങ്കള്‍ താങ്കളുടെ പഴയ വഴികേടില്‍ തന്നെയാണ്.