الصافات As-Saaffaat
(1) ശരിക്ക് അണിനിരന്നു നില്‍ക്കുന്നവരും,
(2) എന്നിട്ട് ശക്തിയായി തടയുന്നവരും,
(3) എന്നിട്ട് കീര്‍ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;
(4) തീര്‍ച്ചയായും നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാകുന്നു.
(5) അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.
(6) തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു.
(7) ധിക്കാരിയായ ഏതു പിശാചില്‍ നിന്നും (അതിനെ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു.
(8) അത്യുന്നതമായ സമൂഹത്തിന്‍റെ നേരെ അവര്‍ക്ക് (പിശാചുക്കള്‍ക്ക്) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും;
(9) ബഹിഷ്കൃതരായിക്കൊണ്ട് അവര്‍ക്ക് ശാശ്വതമായ ശിക്ഷയുമുണ്ട്.
(10) പക്ഷെ, ആരെങ്കിലും പെട്ടെന്ന് വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ തുളച്ച് കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്.
(11) ആകയാല്‍ (നബിയേ,) നീ അവരോട് (ആ നിഷേധികളോട്) അഭിപ്രായം ആരായുക: സൃഷ്ടിക്കാന്‍ ഏറ്റവും പ്രയാസമുള്ളത് അവരെയാണോ, അതല്ല, നാം സൃഷ്ടിച്ചിട്ടുള്ള മറ്റു സൃഷ്ടികളെയാണോ? തീര്‍ച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത് പശിമയുള്ള കളിമണ്ണില്‍ നിന്നാകുന്നു.
(12) പക്ഷെ, നിനക്ക് അത്ഭുതം തോന്നി. അവരാകട്ടെ പരിഹസിക്കുകയും ചെയ്യുന്നു.
(13) അവര്‍ക്ക് ഉപദേശം നല്‍കപ്പെട്ടാല്‍ അവര്‍ ആലോചിക്കുന്നില്ല.
(14) അവര്‍ ഏതൊരു ദൃഷ്ടാന്തം കണ്ടാലും തമാശയാക്കിക്കളയുന്നു.
(15) അവര്‍ പറയും: ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യ മാത്രമാകുന്നു എന്ന്.
(16) (അവര്‍ പറയും:) മരിച്ച് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെ ചെയ്യുമോ?
(17) ഞങ്ങളുടെ പൂര്‍വ്വപിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ?)
(18) പറയുക: അതെ. (അന്ന്) നിങ്ങള്‍ അപമാനിതരാകുകയും ചെയ്യും.
(19) എന്നാല്‍ അത് ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ (എഴുന്നേറ്റ് നിന്ന്) നോക്കുന്നു.
(20) അവര്‍ പറയും: അഹോ! ഞങ്ങള്‍ക്ക് കഷ്ടം! ഇത് പ്രതിഫലത്തിന്‍റെ ദിനമാണല്ലോ!
(21) (അവര്‍ക്ക് മറുപടി നല്‍കപ്പെടും:) അതെ; നിങ്ങള്‍ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന നിര്‍ണായകമായ തീരുമാനത്തിന്‍റെ ദിവസമത്രെ ഇത്.
(22) (അപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പനയുണ്ടാകും;) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക.
(23) അല്ലാഹുവിനു പുറമെ. എന്നിട്ട് അവരെ നിങ്ങള്‍ നരകത്തിന്‍റെ വഴിയിലേക്ക് നയിക്കുക.
(24) അവരെ നിങ്ങളൊന്നു നിര്‍ത്തുക. അവരോട് ചോദ്യം ചെയ്യേണ്ടതാകുന്നു.