(65) അല്ലാഹു നിങ്ങള്‍ക്ക് ഭൂമിയിലുള്ളതെല്ലാം കീഴ്പെടുത്തി തന്നിരിക്കുന്നു എന്ന് നീ മനസ്സിലാക്കിയില്ലേ? അവന്‍റെ കല്‍പന പ്രകാരം കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെയും (അവന്‍ കീഴ്പെടുത്തി തന്നിരിക്കുന്നു.) അവന്‍റെ അനുമതി കൂടാതെ ഭൂമിയില്‍ വീണുപോകാത്ത വിധം ഉപരിലോകത്തെ അവന്‍ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ ദയയുള്ളവനും കരുണയുള്ളവനുമാകുന്നു.
(66) അവനാണ് നിങ്ങളെ ജീവിപ്പിച്ചവന്‍. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കും. പിന്നെയും അവന്‍ നിങ്ങളെ ജീവിപ്പിക്കുംഠീര്‍ച്ചയായും മനുഷ്യന്‍ ഏറെ നന്ദികെട്ടവന്‍ തന്നെയാകുന്നു.
(67) ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. അവര്‍ അതാണ് അനുഷ്ഠിച്ചു വരുന്നത്. അതിനാല്‍ ഈ കാര്യത്തില്‍ അവര്‍ നിന്നോട് വഴക്കിടാതിരിക്കട്ടെ. നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് ക്ഷണിച്ചു കൊള്ളുക. തീര്‍ച്ചയായും നീ വക്രതയില്ലാത്ത സന്‍മാര്‍ഗത്തിലാകുന്നു.
(68) അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.
(69) നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധികല്‍പിച്ചു കൊള്ളും.
(70) ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞ്കൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ.
(71) അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതും, അവര്‍ക്ക് തന്നെ യാതൊരു അറിവുമില്ലാത്തതുമായ വസ്തുക്കളെ അവന്ന് പുറമെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. അക്രമകാരികള്‍ക്ക് യാതൊരു സഹായിയും ഇല്ല.
(72) വ്യക്തമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു വായിച്ചുകേള്‍പിക്കപ്പെടുകയാണെങ്കില്‍ അവിശ്വാസികളുടെ മുഖങ്ങളില്‍ അനിഷ്ടം (പ്രകടമാകുന്നത്) നിനക്ക് മനസ്സിലാക്കാം. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുന്നവരെ കയ്യേറ്റം ചെയ്യാന്‍ തന്നെ അവര്‍ മുതിര്‍ന്നേക്കാം. പറയുക: അതിനെക്കാളെല്ലാം ദോഷകരമായ കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? നരകാഗ്നിയത്രെ അത്. അവിശ്വാസികള്‍ക്ക് അതാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. ചെന്നുചേരാനുള്ള ആ സ്ഥലം എത്ര ചീത്ത!