(32) വലുപ്പം നടിച്ചവര്‍ ബലഹീനരായി ഗണിക്കപ്പെട്ടവരോട് പറയും: മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തിയതിന് ശേഷം അതില്‍ നിന്ന് നിങ്ങളെ തടഞ്ഞത് ഞങ്ങളാണോ? അല്ല, നിങ്ങള്‍ കുറ്റവാളികള്‍ തന്നെയായിരുന്നു.
(33) ബലഹീനരായി ഗണിക്കപ്പെട്ടവര്‍ വലുപ്പം നടിച്ചവരോട് പറയും: അല്ല, ഞങ്ങള്‍ അല്ലാഹുവില്‍ അവിശ്വസിക്കാനും, അവന്ന് സമന്‍മാരെ സ്ഥാപിക്കുവാനും നിങ്ങള്‍ ഞങ്ങളോട് കല്‍പിച്ചു കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ (നിങ്ങള്‍) രാവും പകലും നടത്തിയ കുതന്ത്രത്തിന്‍റെ ഫലമാണത്. ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സില്‍ ഒളിപ്പിക്കും. സത്യനിഷേധികളുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെക്കുകയും ചെയ്യും. തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമല്ലാതെ അവര്‍ക്ക് നല്‍കപ്പെടുമോ
(34) ഏതൊരു നാട്ടില്‍ നാം താക്കീതുകാരനെ അയച്ചപ്പോഴും, നിങ്ങള്‍ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ അവിശ്വസിക്കുന്നവരാകുന്നു എന്ന് അവിടത്തെ സുഖലോലുപര്‍ പറയാതിരുന്നിട്ടില്ല.
(35) അവര്‍ പറഞ്ഞു: ഞങ്ങള്‍ കൂടുതല്‍ സ്വത്തുക്കളും സന്താനങ്ങളുമുള്ളവരാകുന്നു. ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല.
(36) നീ പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്) അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. പക്ഷെ ജനങ്ങളില്‍ അധികപേരും അറിയുന്നില്ല.
(37) നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല. വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അത്തരക്കാര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്. അവര്‍ ഉന്നത സൌധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നതുമാണ്.
(38) (നമ്മെ) തോല്‍പിക്കുവാനായി നമ്മുടെ ദൃഷ്ടാന്തങ്ങളെ എതിര്‍ക്കുവാന്‍ ശ്രമിക്കുന്നവരാരോ അവര്‍ ശിക്ഷയില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു.
(39) നീ പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ.