(37) വിലക്കപ്പെട്ടമാസം പുറകോട്ട് മാറ്റുക എന്നത് സത്യനിഷേധത്തിന്‍റെ വര്‍ദ്ധനവ് തന്നെയാകുന്നു. സത്യനിഷേധികള്‍ അത് മൂലം തെറ്റിലേക്ക് നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരത് അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയതിന്‍റെ (മാസത്തിന്‍റെ) എണ്ണമൊപ്പിക്കുവാനും എന്നിട്ട്, അല്ലാഹു നിഷിദ്ധമാക്കിയത് ഏതോ അത് അനുവദനീയമാക്കുവാനും വേണ്ടിയാണ് അവരങ്ങനെ ചെയ്യുന്നത്. അവരുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
(38) സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തുപറ്റി ? അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ (ധര്‍മ്മസമരത്തിന്ന്) നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ട് കൊള്ളുക. എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ ഭൂമിയിലേക്ക് തൂങ്ങിക്കളയുന്നു! പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ ? എന്നാല്‍ പരലോകത്തിന്‍റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു.
(39) നിങ്ങള്‍ (യുദ്ധത്തിന്നു) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും. അവന്ന് ഒരു ഉപദ്രവവും ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
(40) നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്‍റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്‍റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്‍റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.