(38) എന്‍റെ പിതാക്കളായ ഇബ്രാഹീം, ഇഷാഖ്, യഅ്ഖൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് പാടുള്ളതല്ല. ഞങ്ങള്‍ക്കും മനുഷ്യര്‍ക്കും അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതത്രെ അത് (സന്‍മാര്‍ഗദര്‍ശനം.) പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല.
(39) ജയിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ?
(40) അവന്നുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.
(41) ജയിലിലെ രണ്ട് സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്‍റെ യജമാനന്ന് വീഞ്ഞ് കുടിപ്പിച്ച് കൊണ്ടിരിക്കും. എന്നാല്‍ മറ്റേ ആള്‍ ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയില്‍ നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
(42) അവര്‍ രണ്ട് പേരില്‍ നിന്ന് രക്ഷപ്പെടുന്നവനാണ് എന്ന് വിചാരിച്ച ആളോട് അദ്ദേഹം (യൂസുഫ്) പറഞ്ഞു: നിന്‍റെ യജമാനന്‍റെ അടുക്കല്‍ നീ എന്നെ പറ്റി പ്രസ്താവിക്കുക. എന്നാല്‍ തന്‍റെ യജമാനനോട് അത് പ്രസ്താവിക്കുന്ന കാര്യം പിശാച് അവനെ മറപ്പിച്ച് കളഞ്ഞു. അങ്ങനെ ഏതാനും കൊല്ലങ്ങള്‍ അദ്ദേഹം (യൂസുഫ്) ജയിലില്‍ താമസിച്ചു.
(43) (ഒരിക്കല്‍) രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഏഴ് പച്ചക്കതിരുകളും, ഏഴ് ഉണങ്ങിയ കതിരുകളും ഞാന്‍ കാണുന്നു. ഹേ, പ്രധാനികളേ, നിങ്ങള്‍ സ്വപ്നത്തിന് വ്യാഖ്യാനം നല്‍കുന്നവരാണെങ്കില്‍ എന്‍റെ ഈ സ്വപ്നത്തിന്‍റെ കാര്യത്തില്‍ നിങ്ങളെനിക്ക് വിധി പറഞ്ഞുതരൂ.