(30) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നിനക്ക് നാം അവരെ കാട്ടിത്തരുമായിരുന്നു. അങ്ങനെ അവരുടെ ലക്ഷണം കൊണ്ട് നിനക്ക് അവരെ മനസ്സിലാക്കാമായിരുന്നു. സംസാരശൈലിയിലൂടെയും തീര്‍ച്ചയായും നിനക്ക് അവരെ മനസ്സിലാക്കാവുന്നതാണ്. അല്ലാഹു നിങ്ങളുടെ പ്രവൃത്തികള്‍ അറിയുന്നു.
(31) നിങ്ങളുടെ കൂട്ടത്തില്‍ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നത് വരെ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും.
(32) അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും, തങ്ങള്‍ക്ക് സന്‍മാര്‍ഗം വ്യക്തമായി കഴിഞ്ഞതിനു ശേഷം റസൂലുമായി മാത്സര്യത്തില്‍ ഏര്‍പെടുകയും ചെയ്തവരാരോ തീര്‍ച്ചയായും അവര്‍ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല. വഴിയെ അവന്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിക്കളയുകയും ചെയ്യും.
(33) സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മ്മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക.
(34) അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും, എന്നിട്ട് സത്യനിഷേധികളായിക്കൊണ്ട് തന്നെ മരിക്കുകയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല.
(35) ആകയാല്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍ എന്നിരിക്കെ (ശത്രുക്കളെ) നിങ്ങള്‍ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലും അവന്‍ നഷ്ടപ്പെടുത്തുകയില്ല.
(36) ഐഹികജീവിതം കളിയും വിനോദവും മാത്രമാകുന്നു. നിങ്ങള്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ക്കുള്ള പ്രതിഫലം അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്. നിങ്ങളോട് നിങ്ങളുടെ സ്വത്തുക്കള്‍ അവന്‍ ചോദിക്കുകയുമില്ല.
(37) നിങ്ങളോട് അവ (സ്വത്തുക്കള്‍) ചോദിച്ച് അവന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നെങ്കില്‍ നിങ്ങള്‍ പിശുക്ക് കാണിക്കുകയും നിങ്ങളുടെ ഉള്ളിലെ പക അവന്‍ വെളിയില്‍ കൊണ്ടു വരികയും ചെയ്യുമായിരുന്നു.
(38) ഹേ; കൂട്ടരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു. നിങ്ങളോ ദരിദ്രന്‍മാരും. നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെയായിരിക്കുകയുമില്ല.