(6) മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.
(7) സുവ്യക്തമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ സത്യം തങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ അതിനെപ്പറ്റി ആ സത്യനിഷേധികള്‍ പറയും; ഇത് വ്യക്തമായ ഒരു മായാജാലമാണെന്ന്.
(8) അതല്ല, അദ്ദേഹം (റസൂല്‍) അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? നീ പറയുക: ഞാനത് കെട്ടിച്ചമച്ചതാണെങ്കില്‍ എനിക്ക് അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് ഒട്ടും രക്ഷനല്‍കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അതിന്‍റെ (ഖുര്‍ആന്‍റെ) കാര്യത്തില്‍ നിങ്ങള്‍ കടന്നു സംസാരിക്കുന്നതിനെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ തന്നെ മതി. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.
(9) (നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.
(10) (നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത് (ഖുര്‍ആന്‍) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതായിരിക്കുകയും, എന്നിട്ട് നിങ്ങള്‍ ഇതില്‍ അവിശ്വസിക്കുകയും, ഇതു പോലുള്ളതിന് ഇസ്രായീല്‍ സന്തതികളില്‍ നിന്നുള്ള ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും, അങ്ങനെ അയാള്‍ (ഇതില്‍) വിശ്വസിക്കുകയും, നിങ്ങള്‍ അഹംഭാവം നടിക്കുകയുമാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ (നിങ്ങളുടെ നില എത്ര മോശമായിരിക്കും?) അക്രമകാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
(11) വിശ്വസിച്ചവരെപ്പറ്റി ആ സത്യനിഷേധികള്‍ പറഞ്ഞു: ഇതൊരു നല്ലകാര്യമായിരുന്നെങ്കില്‍ ഞങ്ങളെക്കാള്‍ മുമ്പ് ഇവര്‍ അതില്‍ എത്തിച്ചേരുകയില്ലായിരുന്നു. ഇതുമുഖേന അവര്‍ സന്‍മാര്‍ഗം പ്രാപിച്ചിട്ടില്ലാത്തതു കൊണ്ട് അവര്‍ പറഞ്ഞേക്കും; ഇതൊരു പഴക്കം ചെന്ന വ്യാജവാദമാണെന്ന്.
(12) മാതൃകായോഗ്യമായിക്കൊണ്ടും കാരുണ്യമായിക്കൊണ്ടും ഇതിനു മുമ്പ് മൂസായുടെ ഗ്രന്ഥം വന്നിട്ടുണ്ട്. ഇത് (അതിനെ) സത്യപ്പെടുത്തുന്ന അറബിഭാഷയിലുള്ള ഒരു ഗ്രന്ഥമാകുന്നു. അക്രമം ചെയ്തവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയും, സദ്‌വൃത്തര്‍ക്ക് സന്തോഷവാര്‍ത്ത ആയിക്കൊണ്ടും.
(13) ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
(14) അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്.