(92) നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു.
(93) എല്ലാ ആഹാരപദാര്‍ത്ഥവും ഇസ്രായീല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നു. തൌറാത്ത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്രായീല്‍ (യഅ്ഖൂബ് നബി) തന്‍റെ കാര്യത്തില്‍ നിഷിദ്ധമാക്കിയതൊഴികെ. (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ തൌറാത്ത് കൊണ്ടുവന്നു അതൊന്ന് വായിച്ചുകേള്‍പിക്കുക.
(94) എന്നിട്ട് അതിനു ശേഷവും അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവരാരോ അവര്‍ തന്നെയാകുന്നു അക്രമികള്‍.
(95) (നബിയേ,) പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാല്‍ ശുദ്ധമനസ്കനായ ഇബ്രാഹീമിന്‍റെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല.
(96) തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു.)
(97) അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍- (വിശിഷ്യാ) ഇബ്രാഹീം നിന്ന സ്ഥലം -ഉണ്ട്. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു.
(98) (നബിയേ,) പറയുക: വേദക്കാരേ, നിങ്ങളെന്തിനാണ് അല്ലാഹുവിന്‍റെ വചനങ്ങളെ നിഷേധിക്കുന്നത്? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെല്ലാം അല്ലാഹു സാക്ഷിയാകുന്നു.
(99) (നബിയേ,) പറയുക: വേദക്കാരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്- അതിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചു കൊണ്ട്-നിങ്ങളെന്തിന് വിശ്വാസികളെ പിന്തിരിപ്പിച്ചുകളയുന്നു? (ആ മാര്‍ഗം ശരിയാണെന്നതിന്) നിങ്ങള്‍ തന്നെ സാക്ഷികളാണല്ലോ. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
(100) സത്യവിശ്വാസികളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ വിശ്വാസം സ്വീകരിച്ചതിന് ശേഷം അവര്‍ നിങ്ങളെ അവിശ്വാസികളായി മാറ്റിയേക്കും.