(5) അദ്ദേഹം (പിതാവ്) പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ, നിന്‍റെ സ്വപ്നം നീ നിന്‍റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചുകൊടുക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവാകുന്നു.
(6) അപ്രകാരം നിന്‍റെ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് നിനക്കവന്‍ പഠിപ്പിച്ചുതരികയും, നിന്‍റെ മേലും യഅ്ഖൂബ് കുടുംബത്തിന്‍റെ മേലും അവന്‍റെ അനുഗ്രഹങ്ങള്‍ അവന്‍ നിറവേറ്റുകയും ചെയ്യുന്നതാണ്. മുമ്പ് നിന്‍റെ രണ്ട് പിതാക്കളായ ഇബ്രാഹീമിന്‍റെയും ഇഷാഖിന്‍റെയും കാര്യത്തില്‍ അതവന്‍ നിറവേറ്റിയത് പോലെത്തന്നെ. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
(7) തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്‍റെ സഹോദരന്‍മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
(8) യൂസുഫും അവന്‍റെ സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നമ്മളാകട്ടെ ഒരു (പ്രബലമായ) സംഘമാണ് താനും. തീര്‍ച്ചയായും നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവില്‍ തന്നെയാണ്.
(9) നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ (കൊണ്ടുപോയി) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്‍റെ മുഖം നിങ്ങള്‍ക്ക് ഒഴിഞ്ഞ് കിട്ടും. അതിന് ശേഷം നിങ്ങള്‍ക്ക് നല്ല ആളുകളായികഴിയുകയും ചെയ്യാം. എന്ന് അവര്‍ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.)
(10) അവരില്‍ നിന്ന് ഒരു വക്താവ് പറഞ്ഞു: യൂസുഫിനെ നിങ്ങള്‍ കൊല്ലരുത്. നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍ അവനെ നിങ്ങള്‍ (ഒരു) കിണറ്റിന്‍റെ അടിയിലേക്ക് ഇട്ടേക്കുക. ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്ത് കൊള്ളും.
(11) (തുടര്‍ന്ന് പിതാവിന്‍റെ അടുത്ത് ചെന്ന്) അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ: താങ്കള്‍ക്കെന്തുപറ്റി? യൂസുഫിന്‍റെ കാര്യത്തില്‍ താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല! ഞങ്ങളാകട്ടെ തീര്‍ച്ചയായും അവന്‍റെ ഗുണകാംക്ഷികളാണ് താനും.
(12) നാളെ അവനെ ഞങ്ങളോടൊപ്പം അയച്ചുതരിക. അവന്‍ ഉല്ലസിച്ച് നടന്നുകളിക്കട്ടെ. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുരക്ഷിച്ച് കൊള്ളാം.
(13) അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അവനെ കൊണ്ടുപോകുക എന്നത് തീര്‍ച്ചയായും എനിക്ക് സങ്കടമുണ്ടാക്കുന്നതാണ്. നിങ്ങള്‍ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
(14) അവര്‍ പറഞ്ഞു: ഞങ്ങള്‍ ഒരു (പ്രബലമായ) സംഘമുണ്ടായിട്ടും അവനെ ചെന്നായ തിന്നുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ മഹാനഷ്ടക്കാര്‍ തന്നെയായിരിക്കും.