(29) വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് മംഗളം! മടങ്ങിച്ചെല്ലാനുള്ള നല്ല സങ്കേതവും (അവര്‍ക്കു തന്നെ.)
(30) അപ്രകാരം നിന്നെ നാം ഒരു സമുദായത്തില്‍ ദൂതനായി നിയോഗിച്ചിരിക്കുന്നു. അതിന്നു മുമ്പ് പല സമുദായങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്. നിനക്ക് നാം ദിവ്യസന്ദേശമായി നല്‍കിയിട്ടുള്ളത് അവര്‍ക്ക് ഓതികേള്‍പിക്കുവാന്‍ വേണ്ടിയാണ് (നിന്നെ നിയോഗിച്ചത്.) അവരാകട്ടെ, പരമകാരുണികനായ ദൈവത്തില്‍ അവിശ്വസിക്കുന്നു. പറയുക: അവനാണ് എന്‍റെ രക്ഷിതാവ്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനിലേക്കാണ് എന്‍റെ മടക്കം.
(31) പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥം മൂലം പര്‍വ്വതങ്ങള്‍ നടത്തപ്പെടുകയോ, അല്ലെങ്കില്‍ അതു കാരണമായി ഭൂമി തുണ്ടംതുണ്ടമായി മുറിക്കപ്പെടുകയോ, അല്ലെങ്കില്‍ അതുമുഖേന മരിച്ചവരോട് സംസാരിക്കപ്പെടുകയോ ചെയ്തിരുന്നെങ്കില്‍ പോലും (അവര്‍ വിശ്വസിക്കുമായിരുന്നില്ല.) എന്നാല്‍ കാര്യം മുഴുവന്‍ അല്ലാഹുവിന്‍റെ നിയന്ത്രണത്തിലത്രെ. അപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യരെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുമായിരുന്നുവെന്ന് സത്യവിശ്വാസികള്‍ മനസ്സിലാക്കിയിട്ടില്ലേ? സത്യനിഷേധികള്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി ഏതെങ്കിലും അത്യാപത്ത് ബാധിച്ച് കൊണേ്ടയിരിക്കുന്നതാണ്. അല്ലെങ്കില്‍ അവരുടെ താമസസ്ഥലത്തിനടുത്തു തന്നെ അത് (ശിക്ഷ) വന്നിറങ്ങിക്കൊണ്ടിരിക്കും; അല്ലാഹുവിന്‍റെ വാഗ്ദത്തം വന്നെത്തുന്നത് വരെ. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.
(32) തീര്‍ച്ചയായും നിനക്കു മുമ്പും ദൂതന്‍മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അവിശ്വസിച്ചവര്‍ക്ക് ഞാന്‍ സമയം നീട്ടികൊടുക്കുകയും, പിന്നീട് അവരെ ഞാന്‍ പിടികൂടുകയും ചെയ്തു. അപ്പോള്‍ എന്‍റെ ശിക്ഷ എങ്ങനെയായിരുന്നു!
(33) പ്പോള്‍ ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യത്തിനു മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്നവന്‍ (അല്ലാഹു) (യാതൊന്നും അറിയാത്തവരെപ്പോലെയാണോ?) അവര്‍ അല്ലാഹുവിന് പങ്കാളികളെ ആക്കിയിരിക്കുന്നു. (നബിയേ,) പറയുക: നിങ്ങള്‍ അവരുടെ പേരൊന്നു പറഞ്ഞുതരൂ, അതല്ല, ഭൂമിയില്‍ അവന്‍ (അല്ലാഹു) അറിയാത്ത ഒരു കാര്യത്തെപ്പറ്റി നിങ്ങള്‍ അവന്ന് പറഞ്ഞറിയിച്ച് കൊടുക്കുകയാണോ? അതല്ല, (നിങ്ങള്‍ പറയുന്നത്) ഉപരിപ്ലവമായ ഒരു സംസാരമാണോ ? അല്ല, സത്യനിഷേധികള്‍ക്ക് അവരുടെ കുതന്ത്രം അലംകൃതമായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ശരിയായ) മാര്‍ഗത്തില്‍ നിന്ന് അവര്‍ തട്ടിത്തിരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും ദുര്‍മാര്‍ഗത്തിലാക്കുന്ന പക്ഷം അവനെ നേര്‍വഴിയിലാക്കാന്‍ ആരുമില്ല.
(34) അവര്‍ക്ക് ഇഹലോകജീവിതത്തില്‍ ശിക്ഷയുണ്ടായിരിക്കും. പരലോകശിക്ഷയാകട്ടെ ഏറ്റവും വിഷമമേറിയതു തന്നെയായിരിക്കും. അവര്‍ക്ക് അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് (തങ്ങളെ) കാത്തുരക്ഷിക്കാന്‍ ആരുമില്ല.