(283) ഇനി നിങ്ങള്‍ യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയ വസ്തുക്കള്‍ കൈവശം കൊടുത്താല്‍ മതി. ഇനി നിങ്ങളിലൊരാള്‍ മറ്റൊരാളെ (വല്ലതും) വിശ്വസിച്ചേല്‍പിച്ചാല്‍ ആ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ സാക്ഷ്യം മറച്ചു വെക്കരുത്. ആരത് മറച്ചു വെക്കുന്നുവോ അവന്റെ മനസ്സ് പാപപങ്കിലമാകുന്നു. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം അറിയുന്നവനാകുന്നു.
(284) ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും. എന്നിട്ടവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
(285) തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.
(286) അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.