(29) എന്‍റെ ജനങ്ങളേ, ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ ധനം ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു തരേണ്ടത് മാത്രമാകുന്നു. വിശ്വസിച്ചവരെ ഞാന്‍ ആട്ടിയോടിക്കുന്നതല്ല. തീര്‍ച്ചയായും അവര്‍ അവരുടെ രക്ഷിതാവിനെ കണ്ടുമുട്ടാന്‍ പോകുന്നവരാണ്. എന്നാല്‍ ഞാന്‍ നിങ്ങളെ കാണുന്നത് വിവരമില്ലാത്ത ഒരു ജനവിഭാഗമായിട്ടാണ്.
(30) എന്‍റെ ജനങ്ങളേ, ഞാനവരെ ആട്ടിയോടിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് എന്നെ രക്ഷിക്കുവാനാരാണുള്ളത്. നിങ്ങള്‍ ആലോചിച്ച് നോക്കുന്നില്ലേ?
(31) അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല. നിങ്ങളുടെ കണ്ണുകള്‍ നിസ്സാരമായി കാണുന്നവരെപറ്റി, അവര്‍ക്ക് അല്ലാഹു യാതൊരു ഗുണവും നല്‍കുന്നതേയല്ല എന്നും ഞാന്‍ പറയുകയില്ല. അല്ലാഹുവാണ് അവരുടെ മനസ്സുകളിലുള്ളതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവന്‍. അപ്പോള്‍ (അവരെ ദുഷിച്ച് പറയുന്ന പക്ഷം) തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കും.
(32) അവര്‍ പറഞ്ഞു: നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. വളരെയേറെ തര്‍ക്കിച്ചു. എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ നീ ഞങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്ക് നീ ഇങ്ങു കൊണ്ട് വരൂ.
(33) അദ്ദേഹം പറഞ്ഞു: അല്ലാഹു മാത്രമാണ് നിങ്ങള്‍ക്കത് കൊണ്ട് വരുക; അവന്‍ ഉദ്ദേശിച്ചെങ്കില്‍, നിങ്ങള്‍ക്ക് (അവനെ) തോല്‍പിച്ച് കളയാനാവില്ല.
(34) അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന പക്ഷം ഞാന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ ഉദ്ദേശിച്ചാലും എന്‍റെ ഉപദേശം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അവനാണ് നിങ്ങളുടെ രക്ഷിതാവ്. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്.
(35) അതല്ല, അദ്ദേഹമത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? പറയുക: ഞാനത് കെട്ടിച്ചമച്ചുവെങ്കില്‍ ഞാന്‍ കുറ്റം ചെയ്യുന്നതിന്‍റെ ദോഷം എനിക്കു തന്നെയായിരിക്കും. നിങ്ങള്‍ ചെയ്യുന്ന കുറ്റത്തിന്‍റെ കാര്യത്തില്‍ ഞാന്‍ നിരപരാധിയുമാണ്.
(36) നിന്‍റെ ജനതയില്‍ നിന്ന് വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും വിശ്വസിക്കുകയേയില്ല. അതിനാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി നീ സങ്കടപ്പെടരുത് എന്ന് നൂഹിന് സന്ദേശം നല്‍കപ്പെട്ടു.
(37) നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശപ്രകാരവും നീ കപ്പല്‍ നിര്‍മിക്കുക. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിക്കരുത്. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടാന്‍ പോകുകയാണ്.