(31) നിനക്ക് നാം ബോധനം നല്‍കിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട്. തീര്‍ച്ചയായും അല്ലാഹു തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു.
(32) പിന്നീട് നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം തെരഞ്ഞെടുത്തവര്‍ക്ക് നാം വേദഗ്രന്ഥം അവകാശപ്പെടുത്തികൊടുത്തു. അവരുടെ കൂട്ടത്തില്‍ സ്വന്തത്തോട് അന്യായം ചെയ്തവരുണ്ട്. മദ്ധ്യനിലപാടുകാരും അവരിലുണ്ട്. അല്ലാഹുവിന്‍റെ അനുമതിയോടെ നന്‍മകളില്‍ മുങ്കടന്നവരും അവരിലുണ്ട്. അതു തന്നെയാണ് മഹത്തായ അനുഗ്രഹം.
(33) സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളില്‍ അവര്‍ പ്രവേശിക്കുന്നതാണ്. സ്വര്‍ണം കൊണ്ടുള്ള ചില വളകളും മുത്തും അവര്‍ക്ക് അവിടെ അണിയിക്കപ്പെടും. അവിടെ അവരുടെ വസ്ത്രം പട്ടായിരിക്കും.
(34) അവര്‍ പറയും: ഞങ്ങളില്‍ നിന്നും ദുഃഖം നീക്കം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമത്രെ.
(35) തന്‍റെ അനുഗ്രഹത്താല്‍ സ്ഥിരവാസത്തിനുള്ള ഈ ഭവനത്തില്‍ ഞങ്ങളെ കുടിയിരുത്തിയവനാകുന്നു അവന്‍. യാതൊരു ബുദ്ധിമുട്ടും ഇവിടെ ഞങ്ങളെ ബാധിക്കുകയില്ല. യാതൊരു ക്ഷീണവും ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുകയില്ല.
(36) അവിശ്വസിച്ചവരാരോ അവര്‍ക്കാണ് നരകാഗ്നി. അവരുടെ മേല്‍ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കില്‍ അവര്‍ക്ക് മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍ നിന്ന് ഒട്ടും അവര്‍ക്ക് ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുന്നു.
(37) അവര്‍ അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്) ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. (അപ്പോള്‍ നാം പറയും:) ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക് യാതൊരു സഹായിയുമില്ല.
(38) തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യങ്ങള്‍ അറിയുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു.