(43) (അന്ന്) ബദ്ധപ്പെട്ട് ഓടിക്കൊണ്ടും, തലകള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടും (അവര്‍ വരും) അവരുടെ ദൃഷ്ടികള്‍ അവരിലേക്ക് തിരിച്ചുവരികയില്ല. അവരുടെ മനസ്സുകള്‍ ശൂന്യവുമായിരിക്കും.
(44) മനുഷ്യര്‍ക്ക് ശിക്ഷ വന്നെത്തുന്ന ഒരു ദിവസത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അക്രമം ചെയ്തവര്‍ അപ്പോള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, അടുത്ത ഒരു അവധി വരെ ഞങ്ങള്‍ക്ക് നീ സമയം നീട്ടിത്തരേണമേ. എങ്കില്‍ നിന്‍റെ വിളിക്ക് ഞങ്ങള്‍ ഉത്തരം നല്‍കുകയും, ദൂതന്‍മാരെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തുകൊള്ളാം. നിങ്ങള്‍ക്കു (മറ്റൊരു ലോകത്തേക്കു) മാറേണ്ടിവരില്ലെന്ന് നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നില്ലേ? (എന്നായിരിക്കും അവര്‍ക്ക് നല്‍കപ്പെടുന്ന മറുപടി.)
(45) അവരവര്‍ക്കു തന്നെ ദ്രോഹം വരുത്തിവെച്ച ഒരു ജനവിഭാഗത്തിന്‍റെ വാസസ്ഥലങ്ങളിലാണ് നിങ്ങള്‍ താമസിച്ചിരുന്നത്. അവരെക്കൊണ്ട് നാം എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് നിങ്ങള്‍ക്ക് വ്യക്തമായി മനസ്സിലായിട്ടുമുണ്ട്. നിങ്ങള്‍ക്ക് നാം ഉപമകള്‍ വിവരിച്ചുതന്നിട്ടുമുണ്ട്.
(46) അവരാല്‍ കഴിയുന്ന തന്ത്രം അവര്‍ പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹുവിങ്കലുണ്ട് അവര്‍ക്കായുള്ള തന്ത്രം അവരുടെ തന്ത്രം നിമിത്തം പര്‍വ്വതങ്ങള്‍ നീങ്ങിപ്പോകാന്‍ മാത്രമൊന്നുമായിട്ടില്ല.
(47) ആകയാല്‍ അല്ലാഹു തന്‍റെ ദൂതന്‍മാരോട് ചെയ്ത വാഗ്ദാനം ലംഘിക്കുന്നവനാണെന്ന് നീ വിചാരിച്ച് പോകരുത്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാണ്;
(48) ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം.
(49) ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം.
(50) അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്.
(51) ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനത്രെ.
(52) ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും, അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം) .