(52) എന്നാല്‍ അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന്ന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല.
(53) അതല്ല, ആധിപത്യത്തില്‍ വല്ല വിഹിതവും അവര്‍ക്കുണ്ടോ? എങ്കില്‍ ഒരു അണുവോളവും അവര്‍ മനുഷ്യര്‍ക്ക് നല്‍കുമായിരുന്നില്ല.
(54) അതല്ല, അല്ലാഹു അവന്‍റെ ഔദാര്യത്തില്‍ നിന്ന് മറ്റു മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്‍റെ പേരില്‍ അവര്‍ അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്രാഹീം കുടുംബത്തിന് നാം വേദവും ജ്ഞാനവും നല്‍കിയിട്ടുണ്ട്. അവര്‍ക്ക് നാം മഹത്തായ ആധിപത്യവും നല്‍കിയിട്ടുണ്ട്.
(55) അതില്‍ വിശ്വസിച്ച ഒരു വിഭാഗം അവരുടെ കൂട്ടത്തിലുണ്ട്. അതില്‍ നിന്ന് പിന്തിരിഞ്ഞ വിഭാഗവും അവരിലുണ്ട്. (അവര്‍ക്ക്) കത്തിജ്വലിക്കുന്ന നരകാഗ്നി തന്നെ മതി.
(56) തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.
(57) വിശ്വസിക്കുകയും സല്‍പ്രവൃത്തികളില്‍ ഏര്‍പെടുകയും ചെയ്തവരാകട്ടെ, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോട്ടങ്ങളില്‍ നാം അവരെ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കവിടെ പരിശുദ്ധരായ ഇണകളുണ്ടായിരിക്കും. സ്ഥിരവും ഇടതൂര്‍ന്നതുമായ തണലില്‍ നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യും.
(58) വിശ്വസിച്ചേല്‍പിക്കപ്പെട്ട അനാമത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു.
(59) സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.