(28) അങ്ങനെ നീയും നിന്‍റെ കൂടെയുള്ളവരും കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പറയുക: അക്രമകാരികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.
(29) എന്‍റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ എന്നും പറയുക.
(30) തീര്‍ച്ചയായും അതില്‍ (പ്രളയത്തില്‍) പല ദൃഷ്ടാന്തങ്ങളുമുണ്ട്. തീര്‍ച്ചയായും നാം പരീക്ഷണം നടത്തുന്നവന്‍ തന്നെയാകുന്നു.
(31) പിന്നീട് അവര്‍ക്ക് ശേഷം നാം മറ്റൊരു തലമുറയെ വളര്‍ത്തിയെടുത്തു.
(32) അപ്പോള്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ അവരിലേക്ക് നാം അയച്ചു. (അദ്ദേഹം പറഞ്ഞു:) നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
(33) അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരും, പരലോകത്തെ കണ്ടുമുട്ടുന്നതിനെ നിഷേധിച്ചു കളഞ്ഞവരും, ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ നല്‍കിയവരുമായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങള്‍ തിന്നുന്ന തരത്തിലുള്ളത് തന്നെയാണ് അവന്‍ തിന്നുന്നത്. നിങ്ങള്‍ കുടിക്കുന്ന തരത്തിലുള്ളത് തന്നെയാണ് അവനും കുടിക്കുന്നത്.
(34) നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളപ്പോള്‍ നഷ്ടക്കാര്‍ തന്നെയാകുന്നു.
(35) നിങ്ങള്‍ മരിക്കുകയും, മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താല്‍ നിങ്ങള്‍ (വീണ്ടും ജീവനോടെ) പുറത്ത് കൊണ്ടു വരപ്പെടും എന്നാണോ അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നത്?
(36) നിങ്ങള്‍ക്ക് നല്‍കപ്പെടുന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം!
(37) ജീവിതമെന്നത് നമ്മുടെ ഈ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജനിക്കുന്നു. നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല തന്നെ.
(38) ഇവന്‍ അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച ഒരു പുരുഷന്‍ മാത്രമാകുന്നു. ഞങ്ങള്‍ അവനെ വിശ്വസിക്കുന്നവരേ അല്ല.
(39) അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഇവര്‍ എന്നെ നിഷേധിച്ചു തള്ളിയിരിക്കയാല്‍ നീ എന്നെ സഹായിക്കേണമേ.
(40) അവന്‍ (അല്ലാഹു) പറഞ്ഞു: അടുത്തു തന്നെ അവര്‍ ഖേദിക്കുന്നവരായിത്തീരും.
(41) അങ്ങനെ ഒരു കഠോര ശബ്ദം യഥാര്‍ത്ഥമായും അവരെ പിടികൂടി. എന്നിട്ട് നാം അവരെ വെറും ചവറാക്കിക്കളഞ്ഞു. അപ്പോള്‍ അക്രമികളായ ജനങ്ങള്‍ക്ക് നാശം!
(42) പിന്നെ അവര്‍ക്ക് ശേഷം വേറെ തലമുറകളെ നാം വളര്‍ത്തിയെടുത്തു.