(13) അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
(14) അവരാരും നിങ്ങളുടെ വിളിക്ക് ഉത്തരം നല്‍കിയില്ലെങ്കില്‍, അല്ലാഹുവിന്‍റെ അറിവോട് കൂടി മാത്രമാണ് ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും, അവനല്ലാതെ യാതൊരു ദൈവവുമില്ലെന്നും നിങ്ങള്‍ മനസ്സിലാക്കുക. ഇനിയെങ്കിലും നിങ്ങള്‍ കീഴ്പെടാന്‍ സന്നദ്ധരാണോ?
(15) ഐഹികജീവിതത്തെയും അതിന്‍റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല.
(16) പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ.
(17) എന്നാല്‍ ഒരാള്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ലഭിച്ച വ്യക്തമായ തെളിവിനെ അവലംബിക്കുന്നു. അവങ്കല്‍ നിന്നുള്ള ഒരു സാക്ഷി (ഖുര്‍ആന്‍) അതിനെ തുടര്‍ന്ന് വരുകയും ചെയ്യുന്നു. അതിന് മുമ്പ് മാതൃകയും കാരുണ്യവുമായിക്കൊണ്ട് മൂസായുടെ ഗ്രന്ഥം വന്നിട്ടുമുണ്ട്. (അങ്ങനെയുള്ള ഒരാള്‍ ആ ദുന്‍യാ പ്രേമികളെ പോലെ ഖുര്‍ആന്‍ നിഷേധിക്കുമോ? ഇല്ല.) അത്തരക്കാര്‍ അതില്‍ വിശ്വസിക്കും. വിവിധ സംഘങ്ങളില്‍ നിന്ന് അതില്‍ അവിശ്വസിക്കുന്നവരാരോ അവരുടെ വാഗ്ദത്തസ്ഥാനം നരകമാകുന്നു. ആകയാല്‍ നീ അതിനെപ്പറ്റി സംശയത്തിലാവരുത്. തീര്‍ച്ചയായും അത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. പക്ഷെ ജനങ്ങളില്‍ അധികപേരും വിശ്വസിക്കുന്നില്ല.
(18) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ അക്രമിയായി ആരുണ്ട്? അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതാണ്. സാക്ഷികള്‍ പറയും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിന്‍റെ പേരില്‍ കള്ളം പറഞ്ഞവര്‍, ശ്രദ്ധിക്കുക: അല്ലാഹുവിന്‍റെ ശാപം ആ അക്രമികളുടെ മേലുണ്ടായിരിക്കും.
(19) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തടയുകയും, അതിന് വക്രത വരുത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവരാകട്ടെ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുമാണ്.