(142) ഇവര്‍ ഇതുവരെ (പ്രാര്‍ത്ഥനാവേളയില്‍) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത് നിന്ന് ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന് മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും. (നബിയേ,) പറയുക : അല്ലാഹുവിന്റേത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു.
(143) അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും, പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ് ലയായി നിശ്ചയിച്ചത്. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച് മറ്റെല്ലാവര്‍ക്കും അത് (ഖിബ് ല മാറ്റം) ഒരു വലിയ പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു.
(144) (നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
(145) വേദം നല്‍കപ്പെട്ടവരുടെ അടുക്കല്‍ നീ എല്ലാവിധ ദൃഷ്ടാന്തവും കൊണ്ട് ചെന്നാലും അവര്‍ നിന്റെ ഖിബ് ലയെ പിന്തുടരുന്നതല്ല. അവരുടെ ഖിബ് ലയെ നീയും പിന്തുടരുന്നതല്ല. അവരില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്‍റെഖിബ് ലയെ പിന്തുടരുകയുമില്ല. നിനക്ക് ശരിയായ അറിവ് വന്നുകിട്ടിയ ശേഷം നീയെങ്ങാനും അവരുടെ ഇച്ഛകളെ പിന്‍പറ്റിയാല്‍ നീയും അതിക്രമകാരികളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.